മേപ്പയ്യൂരിൽ ഇനി കലയുടെ ഉത്സവനാളുകൾ; മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 16-ന് തുടക്കമാവും; ഒമ്പത് വേദികളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും


മേപ്പയ്യൂർ: മേലടി സബ് ജില്ലാ കലോത്സവത്തിന് നവംബർ 16 ന് തുടക്കമാവും. 16 മുതൽ 19 വരെ നാല് ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ: ഹയർ സെക്കൻററി സ്കൂളിലാണ് കലോത്സവം നടക്കുക. ഒമ്പത് വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക. മൂവായിരത്തോളം സർഗ്ഗ പ്രതിഭകൾ കലാമേളയിൽ മാറ്റുരക്കുമെന്ന് മേലടി എ.ഇ.ഒ വിനു കുറുവങ്ങാട്, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.രാജീവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

നവംബർ 16ന് രാവിലെ മുതൽ രചനാ മത്സരങ്ങൾ നടക്കും.17 ന് ഉച്ചക്ക് വർണ്ണശബളമായ ഘോഷയാത്ര നടക്കും. മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിലെ അധ്യാപകരും വിദ്യാർത്ഥികളും അണിനിരക്കുന്ന നൃത്ത സംഗീതശില്പത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷത വഹിക്കും.

 

ജില്ലാ പഞ്ചായത്ത് അംഗം സി.എം.ബാബു, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത്, പയ്യോളി നഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരീഷ്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി.ഷിജിത്ത്, കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.നിർമ്മല, മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ, തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, തുടങ്ങിയവർ സംബന്ധിക്കും.

പത്രസമ്മേളനത്തിൽ സക്കീർ മനക്കൽ, വി.മുജീബ്, ഷബീർ ജന്നത്ത്, ടി.എം.അഫ്സ, സജീവൻ കുഞ്ഞോത്ത്, സുഭാഷ് സമത എന്നിവർ പങ്കെടുത്തു.

Summary: Melody sub disttrict arts festivel will begin november 16