മുചുകുന്നിൽ സെവൻസ് രാജാക്കന്മാർ കൊമ്പു കോർത്തു തുടങ്ങി, മത്സരാർത്ഥികൾക്ക് കൈകൊടുത്ത് കാല്പന്തുകളിയുടെ ആവേശം പകർന്ന് ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത്; രാത്രികളെ പകലുകളാക്കി കൊയിലാണ്ടിയിൽ കളി പൂരം


കൊയിലാണ്ടി: ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് കൊയിലാണ്ടയിൽ എത്തി, ഇന്ത്യയിലെ പ്രഗത്ഭരായ സെവന്‍സ് രാജാക്കന്മാര്‍ കൊമ്പുകോര്‍ക്കുന്ന കാല്‍പ്പന്തുകളിയുടെ കളിയാവേശത്തിന് മുചുകുന്നില്‍ ആരംഭം. രാത്രികളെ പകലുകളാക്കി കൊയിലാണ്ടിയിൽ വാശിയേറിയ മത്സരം തകർക്കുകയാണ്.

കെ.ടി.എസ് സോക്കര്‍ നൈറ്റ് സി.കെ.വിനീത് ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ വിശിഷ്ടാതിഥി ആയിരുന്നു. രമേശൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിപിൻ കെ.ടി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ടി.സിനേഷ് സ്വാഗതം പറയുകയും സജിൽകുമാർ സി നന്ദി പറയുകയും ചെയ്തു.

കെ.ദാസൻ (മുൻ എം.എൽ.എ), സി.കെ.ശ്രീകുമാർ (മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്), നിജില പറവക്കൊടി (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ, കൊയിലാണ്ടി നഗരസഭ), സുനിത കക്കുഴിയിൽ(മെമ്പർ, മൂടാടി ഗ്രാമ പഞ്ചായത്ത്),കെ.ടി.സിജേഷ് (ട്രഷറർ) കെ.ടി.രതീഷ് (പ്രസിഡണ്ട്, കെ.ടി.എസ് വായനശാല) എന്നിവർ ആശംസകൾ അറിയിച്ചു.

പൂള്‍ എയിലെ എട്ട് ടീമുകളാണ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. ടീം സെക്കുലര്‍ പുളിയഞ്ചേരി, എഫ്.സി.ഉള്ള്യേരി, ടീം മേമന വയനാട്, സാന്റ് ബാങ്ക്‌സ് എഫ്.സി വടകര, ദിവ്യ ഫ്രൂട്ട്‌സ് ആന്റ് കൂള്‍ബാര്‍ കൊല്ലം, എഫ്.സി കമ്പളക്കാട്, ടി.എം99 കോട്ടക്കല്‍, എഫ്.സി കൂത്തുപറമ്പ എന്നിവയാണ് പൂള്‍ എ.യില്‍ ഉള്‍പ്പെട്ട ടീമുകള്‍.

ടീം സെക്കുലര്‍ പുളിയഞ്ചേരിയും മേമന വയനാടും തമ്മിലുള്ള ആദ്യ മത്സരം പുരോഗമിക്കുകയാണ്. എഫ്.സി കൂത്തുപറമ്പും, എഫ്.സി കമ്പളക്കാടും തമ്മിലാണ് അടുത്ത മത്സരം. അടുത്ത മത്സരത്തില്‍ സാന്റ് ബാങ്ക് എഫ്.സി വടകര ദിവ്യ ഫ്രൂട്ട്‌സ് ആന്റ് കൂള്‍ബാറുമായി ഏറ്റുമുട്ടും. എഫ്.സി ഉള്ള്യേരിയും ടിഎം 99 കോട്ടക്കലും തമ്മിലുള്ളതാണ് നാലാമത്തെ പോരാട്ടം. തുടര്‍ന്ന് ആദ്യമത്സരങ്ങളില്‍ ജയിച്ച ടീമുകളില്‍ തമ്മില്‍ സെമി ഫൈനല്‍ പോരാട്ടവും തുടര്‍ന്നുള്ള രണ്ട് ടീമുകള്‍ തമ്മിലുള്ള ഫൈനല്‍ പോരാട്ടവും നടക്കും. ഇന്ന് ഫൈനലില്‍ ജയിക്കുന്ന ടീമും നാളത്തെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടും.


കായിക മേഖലക്കൊപ്പം സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലും ഒരു ദേശത്തിന്റെ സുകൃതമായ് പ്രവര്‍ത്തിക്കുന്ന കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല പുളിയഞ്ചേരിയാണ് കെ.ടി.എസ് സോക്കര്‍ നൈറ്റ് എന്ന പേരില്‍ ഫുട്‌ബോള്‍ മാമാങ്കം സംഘടിപ്പിക്കുന്നത്. ടി.കെ ഭാര്‍ഗ്ഗവന്‍ സ്മാരക വിന്നേഴ്‌സ് കപ്പിനും എം.കെ സോമന്‍, പി വാസു സ്മാരക റണ്ണേഴ്‌സ് കപ്പിനും വേണ്ടിയുള്ള അഞ്ചാമത് കെ.ടി.എസ് സോക്കര്‍ നൈറ്റ് മുചുകുന്ന് ഗവ:കോളേജ് ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

കൊയിലാണ്ടിയിൽ കൊടിയേറിയിരിക്കുന്ന കാൽപന്തുകളിയുടെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ കപ്പ് ഉയർത്തുന്നത് ആരാണെന്നറിയാൻ ആകാംഷയോടെ സ്റ്റേഡിയം നിറയെ കാണികൾ കാത്തിരിക്കുകയാണ്.