കൊയിലാണ്ടിയിൽ ഇനി കലയുടെ ഉത്സവനാളുകൾ; ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 14 മുതൽ; കലാ മാമാങ്കത്തിന് എത്തുക അയ്യായിരത്തോളം വിദ്യാർത്ഥികൾ


കൊയിലാണ്ടി: കലയുടെ ഉത്സവങ്ങൾക്ക് വേദിയാവാനൊരുങ്ങി കൊയിലാണ്ടി. സംഗീതവും നൃത്തവും അഭിനയവും കലാരൂപങ്ങൊളൊക്കെയായി കുരുന്നു പ്രതിഭകൾ തകർത്താടാൻ പോകുന്ന നാലു ദിനങ്ങൾ. കൊയിലാണ്ടി ഉപജില്ലാ കലോത്സവത്ത്ന് നവംബർ പതിനാലിന് തിരിതെളിയും. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ആണ് പ്രധാന വേദിയാവുക. കാത്തിരിക്കുന്നത് അയ്യായിരത്തോളം വിദ്യാർത്ഥികളെ.

പങ്കെടുക്കുന്നവരുടെ എണ്ണം കൊണ്ടും ഇനങ്ങളുടെ വൈവിദ്ധ്യം കൊണ്ടും സംഘാടനത്തിലെ വൈഭവം കൊണ്ടും കലകളുടെ മാമാങ്കം തന്നെയാണ് സ്കൂൾ കലോത്സവം. സംഗീത- സാഹിത്യ-അഭിനയ – രാഷ്ട്രീയ രംഗങ്ങളിലെ തലയെടുപ്പോടെ നിലകൊള്ളുന്ന ഒട്ടേറെ പേരുടെ പിറവിക്ക് പിന്നിലും ഇത്തരം കലോത്സവങ്ങളായിരുന്നു.

നവംബർ 14 മുതൽ 17 വരെയാണ് കലോത്സവങ്ങൾ നടക്കുന്നത്. പതിനാലിന് സ്റ്റേജ് മത്സരങ്ങളും സ്റ്റേജിതര മത്സരങ്ങൾ നവംബർ 15,16,17 തീയതികളിലായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ ആണ് നടത്തുക. 12 സ്റ്റേജുകളിലായി ആണ് കലാപ്രകടനങ്ങൾ ഒരുക്കുന്നത്. മേളയുടെ ഒരുക്കം പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.

ഉപജില്ലയിലെ 78 വിദ്യാലയങ്ങളിൽ നിന്നായി 5000 വിദ്യാർത്ഥികളെ ആണ് പ്രതീക്ഷിക്കുന്നത്. 12 വേദികളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം നവംബർ 15ന് വൈകുന്നേരം 4 മണിക്ക് ശ്രീമതി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. നവംബർ 17ന് വൈകിട്ട് 5 നടക്കുന്ന സമാപന സമ്മേളനം എം.പി.ശിവാനന്ദൻ (വൈസ് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത്) ഉദ്ഘാടനം ചെയ്യും.

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോൽസവം പന്തലിൻ്റെ കാൽനാട്ടൽ കർമം നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ നിർവഹിച്ചു. കൗൺസിലർ ശ്രീ പി.പി.ഫാസിൽ അധ്യക്ഷത വഹിച്ചു.കാൺസിലർ അസീസ് മാസ്റ്റർ,എ.ഇ.ഒ പി.പി സുധ, വൽസല, എം.പി നിഷ, ബഷീർ വടക്കയിൽ, കെ.കെ മനോജ്, രൂപേഷ്, ജെ.എൻ പ്രേം ഭാസിൻ, ഹാരിസ് ഒ കെ സംസാരിച്ചു.സിറാജ് ഇയഞ്ചേരി സ്വാഗതവും ഷംസുദ്ദീൻ പി.വി നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ നഗരസഭാ ഉപാധ്യക്ഷൻ അഡ്വ.കെ.സത്യൻ, ജനറൽ കൺവീനർ പി. വത്സല, എ.ഇ. പി.പി സുധ. എച്ച്.എം. ഫോറം കൺവീനർ ഷാജി എൻ ബൽറാം, പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്സൺ കെ.എ ഇന്ദിര, എം.പി നിഷ ടീച്ചർ, ബിജേഷ് ഉപ്പാലക്കൽ, നഗരസഭാംഗങ്ങളായ പി.രത്നവല്ലിടീച്ചർ, ജിഷ പുതിയേടത്ത്, വൈശാഖ്, ഫാസിൽ, അസീസ് മാസ്റ്റർ, സംഘടനാ പ്രതിനിധികളായ കെ.കെ.മനോജ്, ജെ.എൻ.പ്രേം ഭാസിൽ, ബഷീർ വടക്കയിൽ,നിഖിൽ മോഹൻ.യു, സി.കെ.ബാലകൃഷ്ണൻ, ഷർഷാദ് കെ.പി, ഷുക്കൂർ കെ.കെ., സായൂജ്. ഡി, രൂപേഷ് കുമാർ വിവിധ സബ് കമ്മറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.