വടക്കുമ്പാട്-വഞ്ചിപ്പാറ റോഡ് പ്രവൃത്തി പുനരാരംഭിക്കും; റീ ടെന്‍ഡറായി
പേരാമ്പ്ര: വടക്കുമ്പാട്-വഞ്ചിപ്പാറ-ഗോപുരത്തിലിടം റോഡ് നിര്‍മാണത്തിന് റീ ടെന്‍ഡറായി. റോഡ് പ്രവൃത്തിയില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് റീ ഡെന്‍ഡര്‍ വിളിച്ചത്. എറണാകുളം കേന്ദ്രീകരിച്ചുള്ള നിര്‍മാണ കമ്പനിയാണ് കരാറെടുത്തത്. കാസര്‍കോട് സ്വദേശിയാണ് ആദ്യം റോഡുപണി കരാറെടുത്തത്. എന്നാല്‍ അനുവദിച്ച സമയ പരിധി കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാതായതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്നാണ് കരാറുകാരനെ മാറ്റുകയായിരുന്നു.
തന്നെ ഒഴിവാക്കി ശേഷിക്കുന്ന പ്രവൃത്തി റീ ടെന്‍ഡര്‍ ചെയ്യുന്നതിനെതിരേ കരാറുകാരന് കോടതിയെ സമീപിച്ചു. പി.ഡബ്ല്യൂ.ഡി. കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഓഫീസില്‍ ജനുവരി ആറിന് ടെന്‍ഡര്‍ തുറക്കാന്‍ നിശ്ചയിച്ചപ്പോള്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇത് ഒഴിവായതിനെ തുടര്‍ന്നാണ് റീ ടെന്‍ഡര്‍ നടത്താനായത്.
കാസര്‍കോട് സ്വദേശിക്ക് 2020 ഡിസംബറില്‍ റോഡ് പ്രവൃത്തി ആദ്യം കരാര്‍ നല്‍കിയത്. അഞ്ചുകോടിരൂപ ചെലവില്‍ 3.3 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് പുനര്‍നിര്‍മിക്കേണ്ടത്. എട്ടുമാസത്തിനകം പൂര്‍ത്തീകരിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കണക്കിലെടുത്ത് സമയപരിധി 2021 ഏപ്രില്‍വരെ നീട്ടി നല്‍കിയിരുന്നുവെങ്കിലും പൂര്‍ത്തീകരിച്ചില്ല.
എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികള്‍ പോലും നിരവധി തവണ ഇടപെട്ടുവെങ്കിലും ജോലിയുടെ വേഗതയില്‍ ഒരു പുരോഗതിയുമുണ്ടായില്ല. ജൂലായില്‍ പി.ഡബ്ലിയു.ഡി. മന്ത്രി പേരാമ്പ്രയിലെത്തിയപ്പോള്‍ റിവ്യു നടത്തി ഡിസംബറിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നിട്ടും പണി നടത്താത്തതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ നാലിന് കരാറുകാരനെ ഒഴിവാക്കി പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.ജി. വിശ്വപ്രകാശ് ഉത്തരവായത്.