ലഹരിവസ്തുക്കളുടെ പണം നല്‍കിയില്ല; കോഴിക്കോട് യുവാവിനെ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയി, രക്ഷപ്പെടുത്തി പൊലീസ്
കോഴിക്കോട്: മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. കുറ്റിക്കാട്ടൂര്‍ സ്വദേശി അരവിന്ദ് ഷാജിനെയാണ് ലഹരി വസ്തുക്കളുടെ പണം നല്‍കാത്തതിന്റെ പേരില്‍ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയത്.
ആഞ്ചംഗ സംഘമാണ് ഇതിനു പിന്നില്‍. പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് യുവാവിന് രക്ഷയായത്. സംഭവവുമായി ബന്ധപ്പെട്ട് പുതിയങ്ങാടി പള്ളിക്കണ്ടി സഹീര്‍, വയനാട് പടിഞ്ഞാറത്തറ വള്ളുവശ്ശേരി വി.എ.റംഷാദ്, കുന്നത്തുപാലം ഗുരുവായൂരപ്പന് കോളജിനടുത്ത് മന്നറയില് കെഎം നിസാമുദ്ദീന്‍, മുഹമ്മദ് അനസ് എന്നിവരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റു ചെയ്തു. അഞ്ചാമന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കുറ്റിക്കാട്ടൂരിലെ വാടക വീട്ടില്‍ നിന്നും യുവാവിനെ വിളിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും മുന്‍പരിചയക്കാരുമാണ് സംഘാംഗങ്ങള്‍. റംഷാദില്‍ നിന്ന് പതിനായിരം രൂപ അരവിന്ദ് വാങ്ങിയിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. അരവിന്ദനെ കാറില്‍ കയറ്റി കെട്ടിയിട്ടശേഷം നഗരത്തില്‍ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് വെള്ളയില്‍ ആവിക്കല്‍ തോടിനടുത്തുള്ള ഗോഡൗണില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. അതിനിടയില്‍ അരവിന്ദന്റെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഇരുപതിനായിരം രൂപ ഉടന്‍ തരണമെന്നാവശ്യപ്പെട്ടു. ഗൂഗിള്‍ പേ ചെയ്യാമെന്നും മൊബൈല്‍ ഫോണ്‍ നമ്പര്‍ തരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ തരില്ലെന്നും ക്യു.ആര് കോഡ് തരാമെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. അതിനിടയിലും അരവിന്ദനെ മര്‍ദ്ദിക്കുന്നത് തുടര്‍ന്നു.
വൈകുന്നേരം ആറുമണിയോടെയാണ് മെഡിക്കല്‍ കോളജ് പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് മൊബൈല്‍ ഫോണും ക്യു.ആര് കോഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാലുപേര്‍ പിടിയിലായത്.