തീയണച്ച് മണിക്കൂറിനുള്ളിൽ കുറ്റ്യാടി ടൗണിൽ വീണ്ടും തീപ്പിടുത്തം; തീയണച്ചത് ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ
കുറ്റ്യാടി: കുറ്റ്യാടിയിൽ വീണ്ടും തീപിടുത്തം. ഏഴരയോടെ നടന്ന തീപിടുത്തം അണച്ച് അഗ്നിശമന സേന തിരികെ പോയതിനു പിന്നാലെയാണ് വീണ്ടും തീപിടുത്തമുണ്ടായത്. നാദാപുരത്ത് സ്റ്റേഷനിൽ നിന്ന് രണ്ടു യൂണിറ്റ് എത്തിയതായിരുന്നു തീ അണച്ചത്, സേന അംഗങ്ങൾ തിരികെ ഓഫീസിലെത്തിയ ഉടനെ വീണ്ടും തീ പിടിത്തമുണ്ടായതായി അറിയിക്കുകയായിരുന്നുവെന്ന് നാദാപുരം ഫയർ ഫോഴ്സ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. തീ പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
ചന്ദനമഴ ഫാന്‍സി, സോപ്പുകട, ലൈവ് ഫൂട്ട് വെയര്‍, എന്നി കടകളാണ് വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത്. അടച്ചിട്ട ഫാന്‍സി കടയുടെ പിന്‍ഭാഗത്തുനിന്നാണ് ആദ്യം തീ ഉയര്‍ന്നതെന്നും പിന്നീട് കടക്കുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു എന്നുമാണ് പരിസരത്തെ കടയുടമകള്‍ പറയുന്നത്. ഫാൻസി കടയിൽ നിന്നും സമീപത്തുള്ള സോപ്പുകടയിലേക്കും ചെരുപ്പുകടയിലേക്കും തീ പടരുകയായിരുന്നു. ഒരു ഇടനാഴിയിലാണ് ഈ കടകൾ പ്രവർത്തിച്ചിരുന്നത്.
തകരഷീറ്റുകള്‍ കൊണ്ട് താല്‍ക്കാലിക നിർമ്മിച്ച ഷെഡിലാണ് ഫാൻസി കട നിലനിന്നിരുന്നത്. ഫാൻസി വസ്തുക്കളോടൊപ്പം തന്നെ വിവിധ ഗൃഹോപകരണങ്ങളും പത്രങ്ങളുമൊക്കെ ഇവിടെ വില്പനയ്ക്കായി വച്ചിരുന്നു. ഇതെല്ലം പൂർണ്ണമായി കത്തി നശിച്ചു. ഏകദേശം മുപ്പത് ലക്ഷം രൂപയോളമാണ് നഷ്ട്ടമുണ്ടായിരിക്കുന്നത്. വേളം പെരുവയല്‍ സ്വദേശി സിദ്ദീഖിന്റേതാണ് കട.
അടുക്കത്ത് കണ്ണങ്കോടന്‍ ബഷീർ എന്നയാളുടെ ഉടമസ്ഥതയിലാണ് ചെരുപ്പ് കട. തീപടരുന്നത് കണ്ട് സമീപത്തെ ചെരിപ്പുകടയില്‍ നിന്ന് കുറെ വസ്തുക്കള്‍ മാറ്റിയിരുന്നതിനാൽ വലിയ തോതിൽ നാഷനഷ്ട്ടങ്ങളില്ല. മാക്സി ഷോപ്പും തകര ഷീറ്റിട്ട മേല്‍ക്കൂരയാണ് പ്രവർത്തിക്കുന്നത്.
വിവരമറിഞ്ഞ ഉടനെ തന്നെ നാദാപുരത്തു നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നി ശമന സേന അംഗങ്ങൾ എത്തിയിരുന്നു. അവരുടെ കഠിന ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. കുറ്റ്യാടി സി.ഐ ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും രക്ഷ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഈ സമയം നാദാപുരം, കോഴിക്കോട്, വയനാട് റോഡുകളില്‍ കിലോമീറ്ററോളം ദൂരത്തില്‍ ഗതാഗതം നിലച്ചു. സ്ഥലത്തെ വൈദ്യുതി വിതരണം നിര്‍ത്തിവച്ചിരുന്നു.