പയ്യോളി ഹൈ സ്കൂൾ ഗ്രൗണ്ട് കയ്യേറി വീണ്ടും അനധികൃത പില്ലർ നിർമ്മാണം, ഇന്നലെ രണ്ടാമത്തെ പില്ലർ നിർമ്മിച്ചത് രാത്രിയിൽ, പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല; പ്രതികൾക്കെതിരെ ഉടൻ കേസെടുക്കണമെന്ന് സ്കൂൾ പി.ടി.എ
പയ്യോളി: പയ്യോളി ഹൈ സ്കൂൾ ഗ്രൗണ്ടിൽ വീണ്ടും അനധികൃത നിർമ്മാണം. ഇന്നലെ രാത്രി സ്ഥലം കയ്യേറി കൊണ്ട് അനധികൃത പില്ലർ നിർമ്മാണം നടത്തുകയായിരുന്നു. ഇവർക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്ന് തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളി പി.ടി.എ യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
ഒക്ടോബർ 26 ന് സമനാമമായ സംഭവം ഉണ്ടായിരുന്നു. ഹൈസ്കൂൾ ഗ്രൗണ്ട് കയ്യേറി പില്ലർ നിർമ്മാണം ആരംഭിച്ചതിനെത്തുടർന്ന് പി.റ്റി.എ ഇടപെട്ട് അനധികൃത നിർമ്മാണം തടയുകയും നിയമപരമായി പയ്യോളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.എന്നാൽ യാതൊരു നിയമനടപടിയും ഇവർക്കെതിരെ പോലീസ് എടുത്തിട്ടില്ല എന്ന് പി.റ്റി.എ ആരോപിച്ചു.
ആദ്യത്തെ സംഭവമുണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ തന്നെ നവംബർ 2 ന് രാത്രി വീണ്ടും ഗ്രൗണ്ട് കയ്യേറി രണ്ടാമത്തെ പില്ലറും സ്ഥാപിക്കുകയായിരുന്നു. ഹൈസ്കൂൾ ഗ്രൗണ്ട് കയ്യേറി പില്ലർ സ്ഥാപിച്ച നടപടിയിൽ പി.ടി.എ എക്സിക്യൂട്ടീവ് യോഗം ശക്തമായി അപലപിച്ചു. ‘കുറ്റവാളികൾക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്ന്’ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം രക്ഷിതാക്കളെയും ബഹുജനങ്ങളെയും വിളിച്ചു ചേർത്ത് ഭാവി പരിപാടികൾ ആലോചിക്കാനും യോഗം തീരുമാനിച്ചു.
ഗ്രൗണ്ട് കയ്യേറി പില്ലർ സ്ഥാപിച്ച സ്കൂൾ ഗ്രൗണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്ര നില സത്യൻ, പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ, പ്രിൻസിപ്പൽ കെ.പ്രദീപൻ , എച്ച്.എം. കെ.എൻ ബിനോയ് കുമാർ , പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി. മനോജൻ, കെ.പി. ഗിരീഷ് കുമാർ, അജ്മൽ മാടായി എന്നിവർ സന്ദർശിച്ചു.
യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ പ്രദീപൻ സ്വാഗതം പറഞ്ഞു. കെ എൻ ബിനോയ് കുമാർ, കെ. സജിത്, കെ.പി. ഗിരീഷ് കുമാർ, പി.വി. മനോജ്, അജ്മൽ മാടായി, ബിജില കാരോളി, തൻസീറ, വിൻസി, അനിത യു കെ എന്നിവർ സംസാരിച്ചു.