ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ വട്ടംകറങ്ങിയുള്ള ചലനങ്ങളുമായി വട്ടംപിടിതിറ; ഭക്തിസാന്ദ്രമായി പേരാമ്പ്ര പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവാക്ഷേത്രത്തിലെ തിറയുത്സവം
പേരാമ്പ്ര: ക്ഷേത്രമുറ്റത്ത് രണ്ടുഭാഗത്തായി വാദ്യക്കാര്‍ നിരന്നു. അവര്‍ക്കുമുന്നില്‍ ക്ഷേത്ര തറവാടുമായി ബന്ധമുള്ള ഇരുപതോളംപേര്‍ വെള്ളമുണ്ട് തറ്റുടുത്ത് ഇരുകൈയിലും കത്തിച്ച ഓലച്ചൂട്ടുമായി രണ്ടുവശത്തുമെത്തി. അവര്‍ക്കുമുന്നില്‍ ഓലച്ചൂട്ടിന്റെ വെളിച്ചത്തില്‍ വട്ടംകറങ്ങിയുള്ള ചലനങ്ങളുമായി വട്ടം പിടിതിറ കെട്ടിയാടി.
തലയില്‍ ചുവന്ന പട്ടുകെട്ടി കൈയില്‍ വാളും പരിചയുമായി ഏതാനുംപേരുടെ മറപിടിച്ച് നില്‍ക്കുന്നയാള്‍, തിറയെ പോരിന് വിളിക്കുന്നതോടെയാണ് തുടക്കം. തന്നെ കളിയാക്കി പോരിനുവിളിക്കുന്ന ആളെ കിട്ടാനായി തിറ വളരെപതുക്കെ വട്ടംകറങ്ങിക്കൊണ്ട് മുന്നോട്ടുനീങ്ങും. ചൂട്ടുപിടിക്കുന്നവര്‍ക്ക് അഭിമുഖമായി കറങ്ങിയെത്തുമ്പോള്‍ തലയില്‍ പട്ടുകെട്ടിയ ആള്‍ പോരിന് വിളിക്കുന്ന തരത്തില്‍ തിറയ്ക്കുമുമ്പിലേക്ക് ചാടി അമരും. അപ്പോള്‍ അയാളെ എതിരിടാനായി തിറ മുന്നോട്ടുകുതിക്കും. ഇരുവശത്തും ഒപ്പംനില്‍ക്കുന്ന രണ്ടുപേര്‍ ചേര്‍ന്നാണ് തിറയെ പിടിച്ചുനിര്‍ത്തുക. ഇങ്ങനെ തിറ മൂന്നുപ്രാവശ്യം അമ്പലം ചുറ്റിക്കഴിഞ്ഞാല്‍ പോരിന് വിളിച്ച ആളെ കിട്ടാനായി അമ്പലംചുറ്റി ഓടാന്‍തുടങ്ങും. അവസാനം ഉറഞ്ഞുതുള്ളി ഓടുന്ന തിറയ്ക്ക് ചൂട്ടുപിടിച്ചവര്‍ തന്നെ പിടിച്ച് അരിക്കല്ലില്‍ ഇരുത്തുന്നതോടെ രണ്ടര മണിക്കൂര്‍ നീളുന്ന തിറ അവസാനിക്കും.
പച്ചമുളയും പച്ചപ്പാളയും കുരുത്തോലയുംകൊണ്ടുള്ള വലിയമുടി തലയില്‍വെച്ച്, വലതുകൈയില്‍ ചുരികയും ഇടതുകൈയില്‍ കുന്തവുമായാണ് തിറയെത്തുന്നത്. പുറ്റാട് ചെറുകുന്ന് തലച്ചില്ലോന്‍ പരദേവതാക്ഷേത്രത്തില്‍ മാത്രമുള്ള അപൂര്‍വ കാഴ്ചയായ ഈ തിറ ഉത്സവത്തിന്റെ ഭാഗമായി മകരം 21-ന് പുലര്‍ച്ചെയാണ് കെട്ടിയാടുന്നത്. ഉള്ളിയേരിയിലെ മൂന്നുറ്റാന്‍ രമേശനാണ് ഏറെ മെയ് വഴക്കം ആവശ്യമുള്ള തിറ ഇപ്പോള്‍ ക്ഷേത്രത്തില്‍ കെട്ടിയാടുന്നത്.