വടകര ഏറാമല സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍


വടകര: എറാമല സ്വദേശിയായ യുവാവിനെ മലപ്പുറത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറാമല കുറിഞ്ഞാലിയോട് കളരിക്കണ്ടിയില്‍ തേജസ് (21)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരൂര്‍ കടുങ്ങാത്ത് കുണ്ട് ഗവ. എല്‍.പി. സ്‌കൂളിന് സമീപം സി.പി. അഷ്‌റഫിന്റെ ക്വാട്ടേഴ്‌സിനോട് ചേര്‍ന്ന പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.

കടുങ്ങാത്ത് കുണ്ട് ക്വാട്ടേഴ്‌സിലാണ് തേജസും കുടുംബവും താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ യുവാവിനെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. ബന്ധുക്കള്‍ കല്‍പ്പകഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി എട്ടു മണിയോടെ കിണറ്റില്‍ കരയില്‍ ചെരുപ്പും എല്ലാവര്‍ക്കും നന്ദിയെന്ന കുറിപ്പും കണ്ടത്.

തുടര്‍ന്ന് നാട്ടുകാര്‍ അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചു. തിരൂരില്‍ നിന്ന് അസി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. സന്തോഷിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാ സേനയും കല്‍പ്പകഞ്ചേരി പോലീസുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

എന്‍ട്രന്‍സ് പരീക്ഷയെഴുതി കോളേജ് പ്രവേശനം ലഭിക്കാത്തതിലുള്ള നിരാശയില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. കളരിക്കണ്ടി സത്യന്റെയും ഷൈമയുടെയും മനകാണ്. സത്യന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഷൈമ വൈലത്തൂര്‍ സപ്ലൈകോ മാവേലി സ്‌ററോറില്‍ അസി.മാനേജറാണ്. ശ്രേയ തേജസ്സിന്റെ ഏകസഹോദരിയാണ്.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബുധനാഴ്ച മൃതദേഹ പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.