പ്രതികരണശേഷിയില്ലാത്ത കുട്ടികളുടെ കാലം കഴിഞ്ഞു! സ്‌കൂളില്‍ പോകാനായി ബസ് സ്‌റ്റോപ്പില്‍ നിന്നിട്ടും നിര്‍ത്താതെ പോയത് മൂന്ന് ബസുകള്‍; വടകര കോട്ടപ്പള്ളി സ്വദേശിയായ ആറാം ക്ലാസുകാരന്റെ പരാതിയില്‍ ഉടനടി നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്‌


വടകര: സ്‌കൂളില്‍ പോകാനൊരുങ്ങി ബസ്‌റ്റോപ്പിലെത്തി. ബസ് കാത്തു നില്‍ക്കവെ തുടര്‍ച്ചയായി മൂന്നുബസുകള്‍ നിര്‍ത്താതെ പോയി. സ്‌കൂളില്‍പോകാന്‍ കഴിയാതെവന്ന ആറാംക്ലാസുകാരന്‍ ഒട്ടും സംശയിക്കാതെ നേരെ വിളിച്ചു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഓഫീസിലേക്ക്. പിന്നാലെ പരാതിയുമായി അച്ഛനൊപ്പം വടകര ആര്‍.ടി.ഒ. ഓഫീസിലുമെത്തി. പരാതിയുടെ ഗൗരവം ബോധ്യപ്പെട്ട മോട്ടോര്‍വാഹനവകുപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നു ബസിനെതിരേയും നടപടി സ്വീകരിച്ചു.

മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയായ കോട്ടപ്പള്ളി കൊളക്കോട്ട് സായ് ഗിരീഷാണ് പരാതിക്കാരന്‍. വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ പോകാനായി കോട്ടപ്പള്ളിക്ക് സമീപമുള്ള മലയില്‍ പൊക്കു സ്മാരക ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്നെങ്കിലും 8.30, 8.40, 8.55 എന്നീ സമയങ്ങളില്‍വന്ന മൂന്നുബസുകളും നിര്‍ത്താതെപോയി. ഇതോടെ സായ് വീട്ടിലേക്ക് മടങ്ങി. ജോലിക്കുപോയ അച്ഛനെ വിളിച്ച് വിവരം പറഞ്ഞു.

അച്ഛന്‍ ഉടന്‍തന്നെ ജോലിനിര്‍ത്തി വീട്ടിലെത്തി. സായ് ഗിരീഷ് തന്നെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഓഫീസില്‍ വിളിച്ച് പരാതി പറഞ്ഞു. ഇവര്‍ വിവരം വടകര ആര്‍.ടി.ഒ. ഓഫീസിലേക്ക് കൈമാറി. കുറച്ചുസമയത്തിനുശേഷം സായ് പരാതിയെഴുതി ആര്‍.ടി.ഒ. ഓഫീസിലെത്തി. ബസ് നിര്‍ത്താത്തതിനാല്‍ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും ആദികൃഷ്ണ, അമൃത, മഹാലക്ഷ്മി എന്നീ ബസുകളാണ് നിര്‍ത്താതെപോയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

പരാതികിട്ടിയ ഉടന്‍ വടകര ആര്‍.ടി.ഒ. സഹദേവന്റെ നിര്‍ദേശപ്രകാരം എ.എം.വി.ഐ.മാരായ ഇ.കെ അജീഷും വിവേക് രാജും കോട്ടപ്പള്ളിയിലെ സ്റ്റോപ്പിലെത്തി ഉച്ചയോടെ മൂന്നുബസുകളും പിടികൂടി പിഴയടപ്പിച്ചു. സ്റ്റേജ് കാരിയര്‍ വാഹനങ്ങള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെപോയാലുള്ള വകുപ്പുപ്രകാരമാണ് പിഴ. ബസില്‍ നിറയെ ആളുകളായതിനാലാണ് നിര്‍ത്താതെപോയതെന്നാണ് ബസുകാരുടെ വിശദീകരണം.

ആറാംക്ലാസ് വിദ്യാര്‍ഥിയുടെ പ്രതികരണശേഷിയെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഭിനന്ദിച്ചു. എല്ലാവിദ്യാര്‍ഥികള്‍ക്കും വേണ്ടിയാണ് പരാതിയുമായി മുന്നോട്ടുപോയതെന്ന് അച്ഛന്‍ ഗിരീഷ് പറഞ്ഞു.