പേടിയല്ല, അവബോധവും പരിചരണവുമാണ് വേണ്ടത്; ‘പരിചരണത്തിലെ വിടവ് നികത്തുക’ എന്ന സന്ദേശമുയർത്തി ഇന്ന് ലോക കാൻസർ ദിനം
കാന്‍സര്‍ അഥവാ അര്‍ബുദ രോഗത്തെ ഏറെ ഭീതിയോടെയാണ് സമൂഹം ഇന്നും കാണുന്നത്. ഭീതിയല്ല അവബോധവും സമൂഹത്തിന്റെ കരുതലും പരിചരണവുമൊക്കെയാണ് കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍ എന്ന് ഓര്‍മ്മിക്കുകയാണ് ഫെബ്രുവരി നാല്, ലോക കാന്‍സര്‍ദിനം.
ക്ലോസ് ദി കെയര്‍ ഗ്യാപ്പ് (പരിചരണത്തിലെ വിടവ് നികത്തുക) എന്നതാണ് 2022-2024 ലോക കാന്‍സര്‍ ദിനത്തിന്റെ തീം. ഇത് കേവലം ഒരു ദിനാചരണം മാത്രമല്ല. ഒന്നിലധികം വര്‍ഷം നീണ്ടു നില്ക്കുന്ന ഒരു കാമ്പെയ്നാണ്. കാന്‍സറിനെക്കുറിച്ച് അവബോധം വളര്‍ത്താനും ആളുകളില്‍ സ്വാധീനം ചെലുത്താനുമുള്ള അവസരമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കാന്‍സര്‍ ചികിത്സ തേടുന്ന പലരും ഓരോ ഘട്ടത്തിലും ഒരുപാട് തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. വരുമാനം, വിദ്യാഭ്യാസം, പ്രായം, വൈകല്യം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം കാന്‍സര്‍ പരിചരണത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളില്‍ ചിലതാണ്. അതിനാല്‍ ഈ വര്‍ഷത്തെ ലോക കാന്‍സര്‍ ദിനത്തില്‍ ഇത്തരത്തിലുള്ള എല്ലാവിധ പ്രതികൂല ഘടകങ്ങളെയും മാറ്റിനിര്‍ത്തിക്കൊണ്ട് എല്ലാവര്ക്കും ഒരേ രീതിയിലുള്ള കാന്‍സര്‍ ചികിത്സ ലഭിക്കുവാനുള്ള സാഹചര്യം വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്.
കാന്‍സര്‍ ഇപ്പോള്‍ ലോകത്തിലെ മരണനിരക്കിന്റെ രണ്ടാമത്തെ പ്രധാന കാരണമാണ്. കാന്‍സറിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കാനും ശരിയായ ചികിത്സ തേടാനും മരണങ്ങളുടെ എണ്ണം കുറയ്ക്കാനും ആളുകളെ ബോധവത്കരിക്കുക അതോടൊപ്പം രോഗികളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുക എന്നിവയാണ് ഈ ദിനാചരണം ഈ ദിനം ലക്ഷ്യമിടുന്നത്. കാന്‍സര്‍ തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് ഇന്ന് നമ്മുടെ ആരോഗ്യരംഗം വളര്‍ന്നുകഴിഞ്ഞു.
2000 ഫെബ്രുവരി 4ന് ഫ്രാന്‍സിലെ പാരീസിലുള്ള ന്യൂ മില്ലേനിയത്തില്‍ നടന്ന ലോക കാന്‍സര്‍ കോണ്‍ഫറന്‍സിലാണ് ഇങ്ങനെ ഒരു ദിനാചരണം നടത്താന്‍ തീരുമാനിച്ചത്. അന്നേദിവസമാണ് യുനെസ്കോയുടെ അന്നത്തെ ജനറല്‍ ഡയറക്ടര്‍ കൊയ്ചിറോ മത്സുറയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ജാക്വസ് ചിറാക്കും കാന്‍സറിനെതിരായ ചാര്‍ട്ടര്‍ ഓഫ് പാരീസില്‍ ഒപ്പുവച്ചത്. അന്നുമുതല്‍ എല്ലാ വര്‍ഷവും വ്യത്യസ്തമായ തീമിലാണ് ഈ ദിനാചരണം നടത്തുന്നത്.
യൂണിയന് ഓഫ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്ട്രോളിന്റെ നേതൃത്വത്തിലാണ് ക്യാന്‍സര്‍ ദിനം ആചരിക്കുന്നത്. ക്യാന്‍സറിനെതിരെ പോരാടുന്നവരെ ഒന്നിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നേതൃത്വം നല്കുന്ന സംരഭമാണിത്. ഈ ദിവസം, ലോകമെമ്പാടും കാന്‍സര്‍ അവബോധവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യാറുണ്ട്. ലക്ഷക്കണിക്കിന് ആളുകകളെ കാന്‍സറില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന യുഐസിസി രോഗാവബോധത്തിന്റെ ഭാഗമായി നിരവധി സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.