അകലാപ്പുഴ ടൂറിസം ഇനി പൂർണ്ണമായും തിക്കോടി പഞ്ചായത്തിന്റെ നിയന്ത്രണത്തിലേക്ക്; പുറമ്പോക്കിൽ അനധികൃതമായി നിർമ്മിച്ച ബോട്ട് ജെട്ടികൾ ഗ്രാമപഞ്ചായത്തിന് കൈമാറി ബോട്ട് ഉടമകൾ


തിക്കോടി: തെങ്ങിന്‍തോപ്പുകള്‍ നിറഞ്ഞ തുരുത്തുകളും കൈത്തോടുകളും കണ്ടല്‍ വനങ്ങളുടെ ജൈവവൈവിധ്യവും വള്ളങ്ങളും അങ്ങനെ കുട്ടനാടിന്റെ ഒരു ചെറുപതിപ്പായ കൊയിലാണ്ടിയുടെ അകലാപ്പുഴ ടൂറിസം ഇനി പൂർണ്ണമായും തിക്കോടി ഗ്രാമപഞ്ചായത്തിന്റെത് മാത്രം. സ്വകാര്യ വ്യക്തികൾ ബോട്ടു സർവ്വീസ് നടത്തിയിരുന്ന ബോട്ടുജെട്ടികൾ മാസങ്ങളോളം നീണ്ട നിയമ നടപടികൾക്കൊടുവിൽ ആണ് ഗ്രാമപ്പഞ്ചായത്ത് അധീനതയിലാക്കിയത്.

അനധികൃതമായി സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച് ബോട്ടു സർവ്വീസ് നടത്തിയിരുന്ന പതിനൊന്നോളം ബോട്ടുജെട്ടികൾ ആണ് മാസങ്ങളോളം നീണ്ട നിയമ നടപടികൾക്കൊടുവിൽ ഗ്രാമപ്പഞ്ചായത്ത് അധീനതയിലാക്കി. ബോട്ടുജെട്ടികൾ നിരുപാധികം ഗ്രാമപ്പഞ്ചായത്തിന് വിട്ടൊഴിഞ്ഞു നൽകിക്കൊണ്ടുള്ള സമ്മതപത്രം ബോട്ടുടമകൾ ഒപ്പിട്ട് നൽകി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ഗ്രാമപ്പഞ്ചായത്ത് യോഗ ഹാളിൽ വെച്ചു നടന്ന യോഗത്തിലാണ് ഒപ്പിട്ടു നൽകിയത്. പഞ്ചായത്ത് അധികാരികളുടെയും ബോട്ട് ഉടമ അസോസിയേഷന്റെയും സംയുക്ത യോഗത്തിൽ ഒപ്പു വെച്ച പേപ്പർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന് കൈമാറി. അകലാപ്പുഴ റോവിന്ദൻ കെട്ട്, നടയ്ക്കൽ തീരങ്ങളിൽ നിർമ്മിയ്ക്കപ്പെട്ട ബോട്ടുജെട്ടികൾ ആയവയുടെ നിർമ്മാതാക്കൾ ഗ്രാമപ്പഞ്ചായത്തിന്റെ നിയമപരമായ നിർദ്ദേശങ്ങൾക്കനുസരണമായി തിക്കോടി ഗ്രാമപ്പഞ്ചായത്തിന് കൈമാറി.

ഒഴിപ്പിക്കൽ നോട്ടീസും പിഴ അടയ്ക്കൽ നോട്ടീസും കൈപറ്റിയതാണെന്നും നാഷ്ടപരിഹാരം ഒഴിവാക്കി തന്നിട്ടുണ്ടെന്നും ആയതിനാൽ അനധികൃതമായി നിർമ്മിച്ച ആസ്തികൾ പഞ്ചായത്തിന് തിരികെ നൽകുന്നുവെന്നും പരാമർശിക്കുന്ന സമ്മത പത്രത്തിലാണ് ഇവർ ഒപ്പിട്ടു നൽകിയത്.

വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ, ഗ്രാമപ്പഞ്ചായത്ത് അംഗം സന്തോഷ് തിക്കോടി, അകലാപ്പുഴ ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി മൊയ്തീൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കർ യോഗത്തിൽ സ്വാഗതം പറഞ്ഞു.

സെപ്റ്റംബര്‍ 25 ന് അകലാപ്പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചതിനെ തുടര്‍ന്നാണ് ഉല്ലാസ ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നതും തടഞ്ഞത്. ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ ലൈസന്‍സ് ലഭിച്ച ബോട്ടുകളും ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നില്ല. പ്രവാസികളടക്കമുളളവര്‍ ബാങ്ക് വായ്പ പോലും എടുത്താണ് പുതിയ ബോട്ടുകള്‍ നിര്‍മ്മിച്ചത്.