ഇനി കണക്കിനെ കൂട്ടുകാരാക്കാം, മായാജാലത്തിലൂടെ; വിദ്യാർത്ഥികളിൽ ഗണിത യുക്തി പരിപോഷിപ്പിക്കാൻ കൊയിലാണ്ടിയിൽ മാത്ത് മാജിക്
കൊയിലാണ്ടി: കുട്ടികൾക്ക് ഇനി കണക്കിനെ കൂട്ടുകാരാക്കാം, മാത്ത് മാജിക്കിലൂടെ. വിദ്യാർത്ഥികളിൽ ഗണിത യുക്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി.
മാത്ത് മാജിക് എന്ന വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനം കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു.ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ 14 സ്കൂളുകളിലെ അഞ്ചാം ക്ലാസിലെ കുട്ടികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സ്കൂളുകളിലെ അധ്യാപകർക്കുള്ള ട്രെയിനിങ് കഴിഞ്ഞ മാസം കില, കണ്ണൂരിൽ വെച്ച് നൽകിയിരുന്നു.
കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് സ്കൂളുകൾക്കുള്ള പഠന സഹായക ഉപകരണങ്ങളുടെ വിതരണം നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ, കെ.കെ ശിവദാസൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.