കൊയിലാണ്ടി: മലബാറിന്‍റെ ഫുട്ബോള്‍ പ്രേമത്തെയും നെഞ്ചിലേറ്റി കൊയിലാണ്ടിയിലെ ഒരു പറ്റം ചെറുപ്പക്കാര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചത് വെറുതേയായില്ല, പ്രതീക്ഷയ്ക്കപ്പുറമായിരുന്നു പ്രിയപ്പെട്ട മഞ്ഞപ്പട അവര്‍ക്ക് സമ്മാനിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കളികാണാനുള്ള ആഗ്രഹത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് അഭിനന്ദും കൂട്ടരും കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. യാത്രാ സംഘത്തിലുള്‍പ്പെട്ട പതിനാറുപേരും കൊയിലാണ്ടി പുളിയഞ്ചേരിയിലെ കെ.ടി.എസ് വായനശാലയിലെ അംഗങ്ങളാണ്. വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഫുട്ബോളിനോടുള്ള ഇഷ്ടമാണ് അവരെ മറ്റ് തിരക്കുകളെല്ലാം മാറ്റിവെച്ച് കൊച്ചിയിലേക്ക് പുറപ്പെടാന്‍ പ്രേരിപ്പിച്ചത്. സാധാരണയായി വീട്ടിലോ വായനശാലയിലോ ഇരുന്ന് ടെലിവിഷന്‍ സ്ക്രീനില്‍ ബ്ലാസ്റ്റേഴ്സിന്‍റെ കളി ആസ്വദിക്കുന്ന ഇവര്‍ ഇത്തവണയെങ്കിലും നേരിട്ടെത്തി മഞ്ഞക്കുപ്പായക്കാര്‍ക്ക് പോരാട്ട വീര്യം പകര്‍ന്നുനല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നു.
അഭിനന്ദും സംഘവും കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നെടുന്ന സെല്‍ഫി
പരിചയത്തിലുള്ളവരെ നിരന്തരം വിളിച്ചും പുതിയ ആളുകളുമായി ബന്ധം സ്ഥാപിച്ചും വളരെ പണിപ്പെട്ടാണെങ്കിലും ഒരു മാസം മുമ്പേ തന്നെ ടിക്കറ്റുകള്‍ തരപ്പെടുത്തിയിരുന്നു. ട്രെയിന്‍ എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ തങ്ങള്‍ ചെന്നിറങ്ങിയത് മഞ്ഞക്കടലിലേക്കായിരുന്നു എന്ന് സംഘത്തിലുണ്ടായിരുന്ന ഷഹനാബ് കൊയിലാണ്ടി ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയശേഷമാണ് നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റ് കൈയ്യിലേക്ക് കിട്ടുന്നത്. തുടര്‍ന്ന് ഏഴരയ്ക്കുള്ള കളികാണാന്‍ നാലരയോടെ തന്നെ സ്റ്റേഡിയത്തിനകത്ത് പ്രവേശിച്ചു. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ തോറ്റ ബ്ലാസ്റ്റേഴ്സിനെ ആരാധകരില്‍ പലരും കൈവിട്ടുകാണുമെന്ന് കരുതിയ അഭിനന്ദിനെയും,സംഘത്തെയും അത്ഭുദപ്പെടുത്തുന്നതായിരുന്നു സ്റ്റേഡിയത്തിനകത്തെ കാഴ്ച, മഞ്ഞ ജേഴ്സിയണിഞ്ഞ്, ബ്ലാസ്റ്റേഴിസിന്‍റെ കൊടിയുമേന്തിയുള്ള ജനപ്പെരുക്കം ആരാധകരെ അഭിമാനം കൊള്ളിക്കുന്നതായിരുന്നു. “കളികാണാന്‍ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിയവരില്‍ അധികവും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്, അപ്പോള്‍ ഈ കളി കോഴിക്കോട് വെച്ചിരുന്നെങ്കില്‍ കലൂര് കണ്ടതിനപ്പുറം ആള്‍ക്കാരുണ്ടായേനെ.” ഷഹനാബ് തുടര്‍ന്നു.ആരാധകരുടെ അക്ഷമയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ ബ്ലാസ്റ്റേഴ്സിന്‍റെയും ഈസ്റ്റ് ബംഗാളിന്‍റെയും ടീമുകളെത്തി ഉദ്ഘാടന പരിപാടികള്‍ കഴിഞ്ഞ ശേഷമാണ് കളി ആരംഭിക്കുന്നത്. പ്രതീക്ഷയ്ക്ക് വലിയ വിലനല്‍കാതിരുന്ന ആദ്യപകുതി, രണ്ടാം പകുതിയുടെ അവസാനമായപ്പോഴേക്കും അതിന്‍റെ ശാന്ത സ്വാഭാവം കൈവിട്ട് ആരാധകരുടെ ആവേശത്തിനൊപ്പം വീറും വാശിയും നിറഞ്ഞ കളിയായി മാറുകയായിരുന്നു. രണ്ടാം പകുതിയില്‍ സ്വീകരിച്ച കൃത്യമായ ഗെയിം പ്ലാനും അഡ്രിയാന്‍ ലൂണയുടെയും പുതുതായി ടീമിലെത്തിയ ഇവാന്‍ കലിയുഷ്‌നിയുടെയും ഗോളുകളും ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ നല്‍കിയ ഗംഭീര തുടക്കത്തിന് നേര്‍സാക്ഷികളാകാന്‍ പറ്റിയതിന്‍റെ സന്തോഷത്തില്‍ ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഈ ഹാർഡ് കോർ ഫാൻസ്.sixteen youngsters from Koyilandy went to Kaloor to watch Kerala blasters play