പണപ്പയറ്റില്‍ വന്‍ പങ്കാളിത്തം; പുറക്കാട് മെഡിക്കല്‍ ബാങ്കിന് നാട്ടുകാര്‍ നല്‍കിയത് രണ്ടേകാല്‍ ലക്ഷം രൂപ
പയ്യോളി: മരുന്നുവാങ്ങാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് കൈത്താങ്ങായി മാറിയ പുറക്കാട്ടെ മെഡിക്കല്‍ ബാങ്കിന്റെ ധനസമാഹരണത്തിനായി നടത്തിയ പണംപയറ്റില്‍ വന്‍ പങ്കാളിത്തം. തിരിച്ചുകിട്ടാത്ത പണപ്പയറ്റാണെന്ന് അറിഞ്ഞിട്ടും 451 പേരാണ് പണം പയറ്റാനായി എത്തിയത്. രണ്ടേകാല്‍ ലക്ഷംരൂപയാണ് മെഡിക്കല്‍ ബാങ്കിന് പണപ്പയറ്റിലൂടെ ലഭിച്ചത്.
തിരിച്ചുകിട്ടാത്ത പണപ്പയറ്റാണെന്ന് അറിഞ്ഞിട്ടും പുറക്കാട്ടെ ചായക്കടയില്‍ എത്തിയത് 451 പേര്. ഒരു നിര്‍ബന്ധവുമില്ലാതെ കേട്ടറിഞ്ഞ് വന്നവര്‍ അവരെക്കൊണ്ട് സാധിക്കുന്ന തുക കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്തി. ഗൂഗിള്‍ പേ വഴി ഇപ്പോഴും പണംവരുന്നുണ്ട്.
തിക്കോടി പഞ്ചായത്ത് ആറാംവാര്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ബാങ്ക് പുറക്കാട്ടെ നിര്‍ധനരായ 34 രോഗബാധിതരെയാണ് സഹായിക്കുന്നത്. 45,000 രൂപയുടെ മരുന്നുകളാണ് മാസം ഇവര്‍ സൗജന്യമായി നല്‍കിവരുന്നത്. ഒരുവര്‍ഷത്തിലധികമായി ഈ സേവനം നടക്കുന്നു. മറ്റുപ്രദേശങ്ങളില്‍നിന്ന് കൂടി അപേക്ഷകര്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പണംപയറ്റ് നടത്താന്‍ തീരുമാനിച്ചതെന്ന് മെഡിക്കല്ബാങ്ക് പ്രസിഡന്റും തിക്കോടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാമചന്ദ്രന് കുയ്യണ്ടി പറഞ്ഞു.
ചെറിയ ചായ സല്ക്കാരത്തോടൊപ്പം മജീഷ് കാരയാടിന്റെ നാടന്‍പാട്ടുകളും അരങ്ങേറി.