അരിമ്പാറ, പാലുണ്ണി, സ്കിന്‍ ടാഗ് ചികിത്സ പരസ്യത്തിൽ ഹോളിവുഡ് താരം മോര്ഗന് ഫ്രീമാന്റെ ചിത്രം; രൂക്ഷ വിമർശനത്തെ തുടർന്ന് പരസ്യം പിൻവലിച്ച് വടകര സഹകരണ ആശുപത്രി
വടകര: ചർമ്മ രോഗ ചികിത്സയുടെ പരസ്യത്തിനായി ഹോളിവുഡ് താരം മോർഗൻ ഫ്രീമാന്റെ ചിത്രം ഉപയോഗിച്ച വടകര സഹകരണ ആശുപത്രിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം. വിമർശനങ്ങളെ തുടർന്ന് ആശുപത്രി പരസ്യം പിൻവലിച്ചു.
അരിമ്പാറ, പാലുണ്ണി, സ്കിന്‍ ടാഗ് തുടങ്ങിയ പ്രശ്നങ്ങളിൽ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ചികിത്സ നല്കാൻ സ്പെഷ്യലിസ്ററ് ഉണ്ടെങ്കിലും അതിനായി നൽകിയ പരസ്യമൊന്നു പരിശോധിക്കാൻ ആരുമില്ലാഞ്ഞതിനാൽ വമ്പൻ പണിയാണ് സഹകരണ ആശുപത്രിക്ക് കിട്ടിയത്. ആശുപത്രിയിലെ ചര്‍മ്മരോഗ വിഭാഗത്തിന്റെ പരസ്യത്തിനായി ഹോളിവുഡ് താരം മോര്ഗന് ഫ്രീമാന്റെ ചിത്രം ഉപയോഗിച്ചതാണ് രൂക്ഷ വിമർശനം നേരിടാനുള്ള കാരണം. സാമൂഹ്യ മാധ്യമത്തിൽ ഇത് വയറലായതോടെ ആശുപത്രി അധികൃതർ പരസ്യ ബോർഡ് നീക്കം ചെയ്തു.
ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ അമേരിക്കന്‍ നടനും സംവിധായകനുമായ മോര്ഗന് ഫ്രീമാന്റെ ചിത്രമാണ് ചർമ്മ രോഗ ചികിത്സയ്ക്കായുള്ള പോസ്റ്ററിൽ നൽകിയത്. അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്കിന്‍ ടാഗ് എന്നിവ ഒ.പി യിൽ വച്ച് തന്നെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു എന്നായിരുന്നു മോർഗന്റെ ചിത്രത്തിനോടൊപ്പമുള്ള പരസ്യവാചകം.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആശൂപത്രിക്ക് രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്. മോര്ഗന് ഫ്രീമന്‍ ആരെന്നുപോലും അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോ സെലക്ട് ചെയ്തത് മലയാളിയുടെ വംശീയ ബോധത്തിന്റെ ഭാഗമായാണെന്നാണ് വിമര്‍ശനം.
സാമൂഹ്യമാധ്യമത്തിലൂടെ വിമർശനം നേരിട്ടതിനു പിന്നാലെയാണ് തങ്ങൾക്കു പറ്റിയ പിഴവ് അധികൃതർ തിരിച്ചറിയുന്നത് തന്നെ. പരസ്യം തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഒരു പരസ്യ ഏജന്‍സ്യാണെന്നും അവര്‍ക്ക് ചിത്രത്തിലുള്ളത് ആരാണെന്നും അറിയാതെ പോയതാണ് ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിച്ചതിന് പിന്നിലെന്ന് ആശുപത്രിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ വിശദികരണം. ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പരസ്യ ബോര്‍ഡ് മാറ്റിയെന്നും അവർ പറയുന്നു. നാലു ദിവസത്തോളമാണ് ആശുപത്രിയുടെ മുൻപിൽ ഈ പരസ്യം ഉണ്ടായിരുന്നത്.
എഴുത്തുകാരി ശ്രീപാർവ്വതി ഇതിനെ വിമർശിച്ച് എഴുതിയിരുന്നു.’‘മോര്ഗന് ഫ്രീമാന്റെ ചിത്രം വച്ച ഫ്ലെക്സ് ആശുപത്രി അധികൃതര്‍ എടുത്തു മാറ്റി എന്നറിയുന്നു. സന്തോഷം. സത്യമാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്കാണ് ആ ചിത്രം വച്ച് ചർമ്മ രോഗത്തിന് പ്രതിവിധി എന്നൊക്കെ കാണുമ്പോള്‍ വിഷമവും മാനസിക പ്രയാസവും തോന്നുന്നത്. അല്ലാത്തവര്‍ക്ക് അത് ഹെയര്‍ സലൂണില്‍ ഡീ കാപ്രിയോയുടെ പടം വയ്ക്കുന്നത് പോലെയേ ഉള്ളൂ.
അല്ലെങ്കില്‍ പരസ്യത്തിന് ഏതെങ്കിലും സെലിബ്രിട്ടീസിന്റെ ചിത്രം ഗൂഗിളില്‍ നിന്ന് ഓസിനു എടുത്തു വയ്ക്കും പോലെയേ ഉള്ളൂ. ഡീ കാപ്രിയോയുടെ പടം ഹെയര്‍ സലൂണിലും മോര്‍ഗന്റെ ചിത്രം പാലുണ്ണി പോലെയുള്ള മുഖത്തെ പ്രശ്നങ്ങള്‍ മാറാനും വച്ചിട്ടുണ്ടെങ്കിൽ അതിന്റെ വ്യത്യാസം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്,’ എന്നായിരുന്നു ശ്രീപാർവ്വതിയുടെ പോസ്റ്റിലുണ്ടായിരുന്നത്.