ഹെല്‍ത്ത്‌കെയര്‍ സെക്ടറില്‍ ജോലി ലഭിക്കാന്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (27/08/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ എന്തെല്ലാമെന്ന് അറിയാം
ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള പന്തലായനി പ്രൊജക്ടിലേക്ക് 2022 -23 വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ ഔദ്യോഗിക വാഹനം വാടകയ്ക് ഓടിക്കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആഗസ്ത് 31 ന് 2 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ കൊയിലാണ്ടി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പന്തലായനി ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങളില്‍ ലഭിക്കും.
ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ പ്രവേശനം
മലാപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ 2022-23 അധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന അപേക്ഷിച്ചവരില്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും ആഗസ്ത് 30 ന് രാവിലെ 9.30 മുതല്‍ 10.30 വരെ പേര് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാം. പ്രവേശനം നേടാന്‍ അനുഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്) എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍- 0495 2370714.
അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ 2021-22 ലെ അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ് ടു പരീക്ഷയില്‍ സംസ്ഥാന / സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/ / എ 1 മാര്‍ക്ക് ലഭിച്ച വിമുക്ത ഭടന്‍മാരുടെയും, വിമുക്തഭട വിധവകളുടെയും മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് മുഖേന ഒറ്റത്തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ സെപ്റ്റംബര്‍ 25 നു മുമ്പായി അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.
പ്രശംസാ പത്രം കൈപറ്റണം
1971-ലെ യുദ്ധത്തില്‍ പങ്കെടുത്ത് പൂര്‍വ്/പശ്ചിമി സ്റ്റാര്‍ ലഭിച്ചിട്ടുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് നല്‍കിയിട്ടുള്ള വിമുക്ത ഭടന്‍മാരുടെ പ്രശംസ പത്രം ഓഫീസില്‍ ലഭ്യമാണ്. കൈപറ്റുന്നതിന് സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0495 2771881.
പശു വളര്‍ത്തലില്‍ പരിശീലനം
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 31 ന് രാവിലെ 10 മുതല്‍ 4 മണി വരെ പരിശീലനം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.ഫോണ്‍- 0491 2815454, 9188522713.
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്
ഹെല്‍ത്ത്‌കെയര്‍ സെക്ടറില്‍ ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുന്ന അസാപ് കേരള നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രോഗിപരിചരണം, ആശുപത്രികളിലും ക്ലിനിക്കുകളിലും ദൈനംദിന പ്രവൃത്തികളില്‍ സഹായിക്കുക, ഡോക്ടര്‍ നഴ്‌സ് തുടങ്ങിയവരുടെ ജോലിയില്‍ സഹായിക്കുക തുടങ്ങിയവയാണ് ജോലികള്‍. ഫോണ്‍- 9495999704, 9495999783.
ഡി.എല്‍.എഡ് താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഡി.എല്‍.എഡ് 2022-24 വര്‍ഷത്തെ കോഴ്‌സിന്റെ താല്‍ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.kozhikodedde.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓഗസ്റ്റ് 31 വൈകുന്നേരം 5 മണിവരെ പരാതികള്‍ സ്വീകരിക്കും. ഫോണ്‍- 0495 2722297.
സിറ്റിങ് മാറ്റിവെച്ചു
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓഗസ്റ്റ് 29 ന് നടത്താന്‍ തീരുമാനിച്ച ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിങ് മാറ്റിവെച്ചു. അടുത്ത ഹിയറിങ് തീയ്യതി പിന്നീട് അറിയിക്കും.
ഓണത്തിന് പൂക്കളമൊരുക്കാന്‍ പെരുമണ്ണയില്‍ പൂക്കൃഷി
ഓണത്തിന് പൂക്കളമൊരുക്കാന്‍ അതിര്‍ത്തി കടന്നാണ് എല്ലാ വര്‍ഷവും പൂക്കളെത്തുന്നത്. ഇത്തവണ നാടിന്റെ അത്തപ്പൂക്കളത്തില്‍ പെരുമണ്ണയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പൂക്കളും ഉണ്ടാവും. ഓണക്കാലം ലക്ഷ്യമിട്ട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരുക്കിയ പൂക്കൃഷിയില്‍ ചെട്ടിയും വാടാര്‍മല്ലിയും വിളവെടുപ്പിനൊരുങ്ങി.
സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവരും കൃഷിയിലേക്ക് പദ്ധതിയുടെയും ഗ്രാമപഞ്ചായത്തിന്റെ തരിശുരഹിത പഞ്ചായത്ത് പദ്ധതിയുടെയും ഭാഗമായാണ് പുതിയേടത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഒരേക്കറില്‍ പൂക്കൃഷിയൊരുക്കിയത്.
15 തൊഴിലുറപ്പ് തൊഴിലാളികള്‍ ആയിരം രൂപ വീതമെടുത്താണ് മെയ് മാസത്തില്‍ കൃഷി തുടങ്ങിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ ദിനങ്ങളായി പരിഗണിച്ചാണ് കൃഷിയുടെ പരിപാലനം നടപ്പാക്കിയത്. ബംഗളൂരുവില്‍ നിന്നെത്തിച്ച വിത്ത് മുളപ്പിച്ച് നാലായിരത്തോളം ചെടികളാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങള്‍ ഉപയോഗിച്ചാണ് കൃഷിയെ സമ്പുഷ്ടമാക്കിയതെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എ.എം പ്രതീഷ് പറഞ്ഞു.
പൂക്കള്‍ പൊതുവിപണിയിലേക്കാള്‍ വില കുറച്ചാണ് വില്‍പ്പന നടത്തുക. ഇതിനോടകം നിരവധി പേര്‍ മുന്‍കൂട്ടി ആവശ്യം അറിയിച്ചിട്ടുണ്ട്. വിഷുക്കാലത്ത് തരിശുഭൂമി വൃത്തിയാക്കി ഒരുക്കിയ പച്ചക്കറി കൃഷിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പൂക്കൃഷി ആരംഭിച്ചത്. വരും വര്‍ഷങ്ങളില്‍ കൂടുതലിടങ്ങളിലേക്ക് കൃഷി വ്യാപിക്കാനാണ് തീരുമാനമെന്നും പൂക്കൃഷിയെ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Summary: kozhikode prd press release on august 27