നല്ല ഭക്ഷണ സാധനങ്ങള്‍ ഇനി കൊയിലാണ്ടിയില്‍!; കൃഷി ശ്രീ കാര്‍ഷിക സംഘം ജനുവരി 31 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും


കൊയിലാണ്ടി: നല്ല ഭക്ഷണം നല്ല ആരോഗ്യത്തിന് എന്ന ലക്ഷ്യത്തോടെ നാടന്‍ വിഭവങ്ങളുമായി കൊയിലാണ്ടി കൃഷി ശ്രീ കാര്‍ഷിക സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നു. ജനുവരി 31 മുതല്‍ ബസ്റ്റാന്റിന് കിഴക്ക് ഭാഗത്തായാണ് വിപണി ഒരുക്കുന്നത്.

വ്യത്യസ്ത ഇനം തവിടു പോകാത്ത അരികള്‍, നെല്‍വിത്തുകള്‍, വിവിധ തരം അവിലുകള്‍, നാടന്‍ മഞ്ഞള്‍ പൊടി, വിത്തുകള്‍, നാടന്‍ പച്ചക്കറികള്‍, പ്രാദേശിക കര്‍ഷകര്‍ വിളയിയെടുത്ത കൂണുകള്‍ പച്ചക്കറിവിത്തുകള്‍, വിവിധ ഇനംതെങ്ങ്, കവുങ്ങ് തൈകള്‍, വാഴക്കന്നുകള്‍, ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി കൃഷി സംബന്ധമായ എല്ലാം ഇവിടെ ലഭ്യമാകും.

അന്ന് രാവിലെ പത്ത് മണിക്ക് വിപണിയുടെ ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വഹിക്കും. നഗരസഭ ചെയര്‍പെഴ്‌സണ്‍ സുധ കിഴക്കെപാട്ട് അധ്യക്ഷയാവും. ആദ്യ വില്‍പ്പന വൈസ് ചെയര്‍മാന്‍ അഡ്വ കെ. സത്യന്‍ നിര്‍വ്വഹിക്കും.

പ്രാദേശികമായി കര്‍ഷകര്‍ ഉല്‍പാതിപ്പിക്കുന്ന വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കുക, എന്നതും ഇതിന്റെ ഭാഗമാണെന്ന് കൃഷിശ്രീ കാര്‍ഷിക സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് ഓഫീസര്‍, കൃഷി ശ്രീ കാര്‍ഷിക സംഘം സിക്രട്ടറി രാജഗോപാലന്‍, പ്രസിഡണ്ട് പ്രമോദ് രാരോത്ത് എന്നിവര്‍ പങ്കെടുത്തു.