ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി പിടിയില്‍
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍. ഒന്നര മണിക്കൂര്‍ നേരത്തെ തെരച്ചിലൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കുറ്റിക്കാട്ടില്‍ ഒളിച്ച നിലയിലായ പ്രതിയെ പൊലീസും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫിയാണ് പിടിയിലായത്.
യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെബിനെയും കൊല്ലം സ്വദേശി ടോം തോമസിനെയും അറസ്റ്റു ചെയ്തത്. പോക്സോ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇന്നു വൈകീട്ടാണ് പ്രതികളായ ഫെബിനെയും കൊല്ലം സ്വദേശി ടോം തോമസിനെയും വൈദ്യപരിശോധനയ്ക്കുശേഷം പൊലീസ് ചേവായൂര്‍ സ്റ്റേഷനിലെത്തിച്ചത്. വസ്ത്രം മാറാന്‍ പ്രതികള്‍ക്ക് സമയം നല്‍കിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിന് രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.ഇവരെ മജിസ്ട്രേറ്റിനു മുന്നില്‍ പ്രതികളെ ഹാജാരാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഫെബിന് പോലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷന്റെ പുറകു വശത്തുകൂടെ കടന്നു കളഞ്ഞത്. സംഭവസമയത്ത് പ്രതികളുടെ ബന്ധുക്കള്‍ സ്റ്റേഷനിലുണ്ടായിരുന്നുവെന്നാണ് വിവരം.
സ്റ്റേഷന്റെ പിന്‍വശത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തുകൂടിയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ വച്ച് പെണ്‍കുട്ടികള്‍ക്കൊപ്പം രണ്ട് യുവാക്കളെയും പിടികൂടിയത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്തിച്ച് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. അഞ്ചുപേരുടെ മൊഴി നേരിട്ടും ഒരു പെണ്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അവരുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് രേഖപ്പെടുത്തിയത്.