ക്വാറി ഉടമകളുമായി ഇനി ചര്‍ച്ചയ്ക്കില്ല; ക്വാറിയില്‍ ഇനി സ്‌ഫോടനം നടത്താന്‍ അനുവദിക്കില്ല; കീഴരിയൂര്‍ ആനപ്പാറ ക്വാറിയ്‌ക്കെതിരെ സമരം ശക്തമാക്കി ആക്ഷന്‍ കമ്മിറ്റി- വീഡിയോ


കൊയിലാണ്ടി: ആനപ്പാറ ക്വാറിയ്‌ക്കെതിരെ കഴിഞ്ഞ പതിനെട്ടുദിവസമായി തുടരുന്ന സമരം വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് ആനപ്പാറ ആക്ഷന്‍ കമ്മിറ്റി. പ്രതിഷേധ സമരത്തിനിടയിലും കരിങ്കല്‍ കയറ്റാനും സ്‌ഫോടനം നടത്താനുമായി എത്തിയ വാഹനങ്ങള്‍ കഴിഞ്ഞദിവസം സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പ്രദേശത്തെ വീടുകള്‍ക്കും കുടിവെള്ള സ്രോതസ്സുകള്‍ക്കും ഭീഷണിയായ ക്വാറിലെ ബ്ലാസ്റ്റിങ് അവസാനിപ്പിക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്.

മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. നേരത്തെ വീടുകള്‍ക്കും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടത് കമ്പനി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിക്കൊടുത്തിരുന്നു. അതിനാല്‍ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കുറച്ചുവര്‍ഷമായി ക്വാറി ലീസിന് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഉഗ്ര സ്‌ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ രംഗത്തുവന്നത്.

ഏതാണ്ട് ഒമ്പതുമാസം മുമ്പ് വീടുകളില്‍ വിള്ളലുവരുന്നതും ചോര്‍ച്ചവരുന്നതും മറ്റും നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസുള്‍പ്പെടെ ഇടപെട്ട് ക്രഷര്‍ ഉടമകളുമായി കൊയിലാണ്ടി സല്‍ക്കാര ഹോട്ടലില്‍വെച്ച് ചര്‍ച്ച നടത്തിയിരുന്നു. വിള്ളലുകള്‍ വന്ന വീടുകള്‍ പരിശോധിച്ച് നടപടിയെടുത്തതിനുശേഷമേ ക്വാറി പ്രവര്‍ത്തനം പുനരാംരഭിക്കൂവെന്ന് അന്ന് ഉടമകള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ക്വാറി ലീസിനെടുത്ത മാനേജ്‌മെന്റ് ഇതിനൊന്നും തയ്യാറാവാതെ ബ്ലാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോയി. ഒന്നുരണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടുകളില്‍ കേടുപാടുകള്‍ കൂടി വരികയും ചെയ്തതോടെയാണ് നാട്ടുകാര്‍ വീണ്ടും സമരവുമായി മുന്നോട്ട് വന്നത്.

വേനല്‍ക്കാലത്തും സുലഭമായി വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്തെ കിണറുകളെല്ലാം ഇന്ന് വറ്റുന്ന സ്ഥിതി വിശേഷമാണ്. സംഘടനകള്‍ ഇടപെട്ട് പുറമേ നിന്ന് വെള്ളം എത്തിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍ എന്നാണ് ആക്ഷന്‍ കമ്മിറ്റി നേതാവ് സുകേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഈ സാഹചര്യത്തില്‍ ക്വാറിയില്‍ സ്‌ഫോടനം നടത്തുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വാറിയ്‌ക്കെതിരെ സമരപ്പന്തല്‍ തീര്‍ത്ത് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബുധനാഴ്ച കൊയിലാണ്ടി പൊലീസ് അടക്കം ഇടപെട്ട് നടുവത്തൂര്‍ യു.പി സ്‌കൂളില്‍ ചര്‍ച്ച വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ അവസാന നിമിഷം ക്വാറി ഉടമകള്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ച മുടങ്ങുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച വലിയ വാഹനങ്ങളുമായി ആനപ്പാറ ക്വാറിയില്‍ ആളുകളെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ക്വാറി ഉടമകള്‍ കൊയിലാണ്ടി പൊലീസിനെ അറിയിക്കുകയും അവര്‍ ഉടനെ തന്നെ സംഭവ സ്ഥലത്ത് എത്തകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ പരാതികള്‍ പൊലീസിനെ ബോധിപ്പിക്കുകയും നടുവത്തൂര്‍ ശിവക്ഷേത്രം – കുറുമയില്‍ താഴറോഡിലൂടെ ഭാരം കയറ്റിയുള്ള വലിയ വാഹനങ്ങള്‍ യാത്ര ചെയ്യാന്‍ പാടില്ല എന്ന ഉത്തരവിന്റെ കോപ്പി പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇതുമൂലം പ്രദേശത്ത് നേരിട്ട ബുദ്ധിമുട്ടുകള്‍ സമരസമിതി പ്രവര്‍ത്തകര്‍ കൊയിലാണ്ടി പൊലീസ് സബ് ഇന്‍സ്പക്ടര്‍മാരായ പി.ഉണ്ണികൃഷ്ണന്‍, പി.സതീശന്‍ എന്നിവരെ ബോധ്യപ്പെടുത്തുകയും അവര്‍ വാഹനങ്ങള്‍ തിരിച്ചയക്കുകയുമാണ് ചെയ്തത്.

ക്വാറി കോമ്പൗണ്ടിനുള്ളില്‍ ജനങ്ങള്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഉടമകള്‍ കോടതിയില്‍ ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ നേടിയിട്ടുണ്ട്. ഇതിനെതിരെ ആക്ഷന്‍ കമ്മിറ്റി നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. കൂടാതെ ക്വാറി പ്രവര്‍ത്തനത്തിനെതിരെ രണ്ട് കേസുകള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

ഇനി ക്വാറി ഉടമകളുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ആക്ഷന്‍ കമ്മിറ്റിയിപ്പോള്‍. എം.എല്‍.എ, എം.പി, കലക്ടര്‍, ആര്‍.ഡി.ഒ എന്നിവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. പ്രദേശത്ത് സ്‌ഫോടനം നടക്കാന്‍ പാടില്ലയെന്നാണ് മുഖ്യമായും ഇവരുടെ ആവശ്യം. വീടുകള്‍ക്ക് വിള്ളലുകളുണ്ടാകാനും കുടിവെള്ള പ്രശ്‌നത്തിനും കാരണം ക്വാറിയില്‍ സ്‌ഫോടനം നടത്തുന്നതാണെന്നും അത് അവസാനിപ്പിക്കുംവരെ സമരം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.