കടലിന്റെ മനോഹാരിത കണ്ട് യാത്ര ചെയ്യാം, കൊയിലാണ്ടി മണ്ഡലത്തില്‍ തീരദേശ ഹൈവേയുടെ നിര്‍മ്മാണം ഏഴ് റീച്ചുകളിലായി; സര്‍വ്വെ നടപടികള്‍ പുരോഗമിക്കുന്നു


കൊയിലാണ്ടി: ​ഗതാ​ഗതക്കുരുക്കിൽ നിന്നൊഴിഞ്ഞ് കടലിന്റെ മനോഹാരിത കണ്‍കുളിര്‍ക്കെ കണ്ട് യാത്ര ചെയ്യുന്നതിനായി ഏറെ നാൾ കാത്തിരിക്കേണ്ടി വരില്ല. തീരദേശ ഹൈവേയുടെ നിർമ്മാണതിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വെ നടപടികള്‍ പുരോഗമിക്കുന്നു. മൂടാടി, പാലക്കുളം, ഉരുപുണ്യകാവ് ബീച്ച് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സര്‍വ്വെ നടപടികള്‍ നടത്തുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 656.6 കി.മീറ്റര്‍ നീളത്തിലാണ് തീരദേശ ഹൈവേ നിര്‍മ്മിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്,കോഴിക്കോട് സൗത്ത്,ബേപ്പൂര്‍ മണ്ഡലങ്ങളിലൂടെയാണ് പാത കടന്നു പോകുക. നിലവിലുളള തീരപാതകളെ ബന്ധിപ്പിച്ചും, ഇല്ലാത്തിടത്ത് പുതുതായി പാത നിര്‍മ്മിച്ചുമാണ് തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കേണ്ടത്.

കൊയിലാണ്ടി മണ്ഡലത്തില്‍ ഏഴ് റീച്ചുകളിലായിട്ടാണ് തീരപാതയുടെ നിര്‍മ്മാണം. മൊത്തം 250 കോടി രൂപയാണ് കൊയിലാണ്ടി മണ്ഡലത്തില്‍ മാത്രം തീരദേശ ഹൈവേ നിര്‍മ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ കോടിക്കല്‍ ബീച്ച് മുതല്‍ കൊളാവി പാലം വരെയുളള റീച്ചിന് വിശദമായ പദ്ധതി രേഖ നല്‍കിയിട്ടുണ്ട്. കൊളവി പാലവും വടകര താലൂക്കിലെ സാന്റ് ബാങ്ക്‌സും തമ്മില്‍ ബന്ധിപ്പിക്കുന്ന കുഞ്ഞാലി മരയ്ക്കാര്‍ പാലം നിര്‍മ്മാണത്തിന് സ്ഥലമെറ്റെടുപ്പ് നടപടികള്‍ ആയിട്ടുണ്ട്. എന്നാല്‍ ബാക്കി സ്ഥലങ്ങളില്‍ നടപടികളൊന്നും പറയത്തക്ക നിലയില്‍ മുന്നോട്ട് നീങ്ങിയിട്ടില്ല.

ഇരിങ്ങല്‍ മുതല്‍ മൂടാടി ഗ്രാമ പഞ്ചായത്തിലെ കോടിക്കല്‍ ബീച്ചു വരെ തീരദേശ പാത നിര്‍മ്മാണത്തിന് റവന്യു, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സംയുക്ത പരിശോധന നടത്തി അലൈന്‍മെന്റ് തയ്യാറാക്കിയിട്ടുണ്ട്. കോടിക്കല്‍ മുതല്‍ കൊയിലാണ്ടി വരെ അലൈന്‍മെന്റ് തയ്യാറായിട്ടില്ല. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് മുകളിലൂടെയാണ് പാത നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്. മന്ദമംഗലം മുതല്‍ പാറപ്പളളി വരെ തീരദേശ പാതയുണ്ടെങ്കിലും വീതി കൂട്ടി വികസിപ്പിക്കേണ്ടി വരും. പാറപ്പളളി മുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍ വരെ ചിലയിടങ്ങളില്‍ റോഡുണ്ടെങ്കിലും പരസ്പരം ബന്ധമറ്റു കിടപ്പാണ്. ഇവിടെ ഗുരുകുലം ബീച്ചിന് സമീപമുളള ചെറിയ തോടിനും വലിയ തോടിനും കുറുകെ പാലം നിര്‍മ്മിക്കണം. ഈ ഭാഗത്തുളളവര്‍ക്ക് കൊയിലാണ്ടി കടല്‍ത്തീരത്തിലൂടെ ഹാര്‍ബറിലേക്കെത്താന്‍ ഇപ്പോള്‍ വലിയ പ്രയാസമാണ്.

കൊയിലാണ്ടി ഹാര്‍ബര്‍ മുതല്‍ കണ്ണങ്കടവ് വരെ നിലവിലുളള തീരപാത വഴിയിലൂടെയാണ് ഹൈവേ കടന്നു പോകുക. കണ്ണങ്കടവ് നിന്ന് കോരപ്പുഴ പാലത്തിലെക്കെത്താന്‍ റോഡ് വീതി കൂട്ടി നിര്‍മ്മിക്കണം. കോരപ്പുഴ കടന്ന് നിലവിലുളള റോഡ് വഴി വെങ്ങാലി, പുതിയാപ്പ, കോഴിക്കോട് ബീച്ച് വഴിയാണ് ഹൈവേ പോകുക.

തിരുവനന്തപുരം-കാസര്‍കോട് തീരപാത നിലവില്‍ വരുന്നതോടെ ടൂറിസം-ഗതാഗത മേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാവും. കടലിന്റെ മനോഹാരിത കണ്‍കുളിര്‍ക്കെ കണ്ട് യാത്ര ചെയ്യുന്നതോടൊപ്പം, കടലോര മേഖലയിലെ ഒട്ടനവധി ടൂറിസ്റ്റ് സ്‌പോട്ടുകളിലേയ്ക്കും, ആരാധാനലായങ്ങളിലേക്കുമുളള യാത്ര എളുപ്പമുളളതാവുകയും ചെയ്യും. മല്‍സ്യ ബന്ധന ഹാര്‍ബറുകളില്‍ നിന്നുളള ട്രക്കുകളുടെ യാത്രയും സുഗമമാകും. തീരദേശ പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരള റോഡ്‌സ് ഫണ്ട് ബോര്‍ഡാണ്.

അതേ സമയം 15 വര്‍ഷം മുമ്പെ പറഞ്ഞു കേട്ട തീരദേശ ഹൈവേ നിര്‍മ്മാണത്തിന് സ്ഥലം നിര്‍ണ്ണയിക്കുന്ന കാര്യത്തിലും സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും ഇപ്പോഴും വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.

Summary: One can travel by seeing the beauty of the sea, the construction of the coastal highway in Koyilandy constituency will take place in seven reaches; The survey process is in progress