നികുതി കുടിശ്ശിക വരുത്തി: പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോഴിക്കോട്ടെ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു


കോഴിക്കോട്: പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോഴിക്കോട്ടെ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. നികുതി കുടിശ്ശിക ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫറോക്ക് ജോയിന്റ് ആര്‍.ടി.ഒ ആണ് നടപടിയെടുത്തത്. ചുങ്കത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.

ഇന്‍ഡിഗോ വിമാനങ്ങളിലെ യാത്രക്കാരെ കൊണ്ടുപോകാനായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപയോഗിക്കുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. ആറ് മാസത്തെ നികുതി കുടിശ്ശിക ഉണ്ടെന്നാണ് കണ്ടെത്തിയത്. നികുതി കുടിശ്ശികയും പിഴയും അടച്ചാല്‍ മാത്രമേ ബസ് വിട്ടുനല്‍കൂ എന്നാണ് ആര്‍.ടി.ഒ അധികൃതരുടെ നിലപാട്.

ഫറോക്ക് ജോയിന്റ് ആര്‍.ടി.ഒ ഷാജു ബക്കറിന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഡി.ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം നേതാവുമായ ഇ.പി.ജയരാജന് വിമാനയാത്രയ്ക്ക് മൂന്നാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കമ്പനിയാണ് ഇന്‍ഡിഗോ. ഇതേ തുടര്‍ന്ന് ഇനി മുതല്‍ താനും കുടുംബവും ഇനി മുതല്‍ ഇന്‍ഡിഗോയുടെ വിമാനത്തില്‍ യാത്ര ചെയ്യില്ല എന്ന് ജയരാജന്‍ പ്രഖ്യാപിച്ചിരുന്നു. ഈ വിവാദം തുടരുന്നതിനിടെയാണ് ഇന്‍ഡിഗോയുടെ ബസ് ആര്‍.ടി.ഒ കസ്റ്റഡിയിലെടുത്തത്.