ജില്ലയിൽ വൻ ദുരന്തം വിതച്ച് കാലവർഷം: കൊയിലാണ്ടിയിൽ പത്ത് വീടുകൾ തകർന്നു; രണ്ട് മരണം; പതിനൊന്നു വില്ലേജുകളിൽ വെള്ളപ്പൊക്കം
കൊയിലാണ്ടി: ദുരിത പെയ്ത്തു തുടരുമ്പോൾ ഒഴിയാതെ കണ്ണീർമഴ. കാലവർഷക്കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ രണ്ട് മരണവും 19 വീടുകൾ ഭാഗികമായി തകർന്നതായും റിപ്പോർട്ട് ചെയ്തതായി ജില്ലാ ദുരന്ത നിവാരണ സെൽ അറിയിച്ചു. കൊയിലാണ്ടിയിൽ മാത്രമായി പതിനൊന്നു വീടുകളാണ് തകർന്നത്.
ഒളവണ്ണ കൈമ്പാലം ചെറുകല്ലോറ വിമല (70) മുക്കം നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്കരൻ (55 ) എന്നിവരാണ് മരിച്ചത്. കൂടാതെ ഞായറാഴ്ച തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) ന്റെ മൃതദേഹമാണ് ചെക്ക് ഡാമിന് 100 മീറ്റർ താഴെ പാറക്കെട്ടിന് ഇടയിൽ നിന്നും കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു അമൽ.
കൊയിലാണ്ടി താലൂക്കിൽ ഏഴ് വില്ലേജുകളിലായി 10 വീടുകൾ ഭാഗികമായി തകർന്നു. വടകര താലൂക്കിൽ മൂന്ന് വില്ലേജുകളിലായി നാല് വീടുകൾക്കാണ് ഭാഗികനാശം സംഭവിച്ചത്. താമരശ്ശേരി താലൂക്കിൽ ഒരു വില്ലേജിലെ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് താലൂക്കിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു.
കനത്ത മഴയെ തുടർന്ന് 11 വില്ലേജുകളിലാണ് വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തത്. നിലിവിൽ കോഴിക്കോട് താലൂക്കിൽ രണ്ട് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. എൻ.ജി.ഒ ക്വാർട്ടേഴസ് ഗവ. എച്ച്.എസ്.എസിലെ ക്യാമ്പിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമടങ്ങുന്ന 12 പേരാണുള്ളത്. മാവൂർ കച്ചേരിക്കുന്ന അങ്കണവാടി ക്യാമ്പിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന മൂന്നംഗ കുടുംബവും.
ചേവായൂർ വില്ലേജിൽ വെള്ളം കയറിയ വീടുകളിൽ നിന്നും വെള്ളം താഴ്ന്നുവെങ്കിലും വാസയോഗ്യമാകാത്തതിനാൽ അഞ്ച് കുടുംബങ്ങളും ക്യാമ്പിൽ തുടരുകയാണ്. 13 കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. എരവട്ടൂർ വില്ലേജിൽ ജനതാ മുക്കിൽ കാപ്പുമ്മൽ കല്ല്യാണിയുടെ വീടിന്റെ മേൽക്കൂര ശക്തമായ മഴയിൽ പൂർണമായും തകർന്നു. കല്യാണി സമീപത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറി. ചെറുവണ്ണൂർ എ.എൽ.പി.എസ് ന്റെയും ചെറുവണ്ണൂർ ഹൈസ്കൂളിന്റെയും ഇടയിലുള്ള മതിൽ തകർന്നു വീണു.