കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം; അര ലക്ഷം കവിഞ്ഞ് പ്രതിദിന രോഗികള്‍, ടി.പി.ആര്‍ 49.04 ശതമാനം


കോഴിക്കോട്: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷം കവിഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 55,475 പേര്‍ക്ക്. നല് ജില്ലകളില്‍ അയ്യായിരത്തിന് മുകളില്‍ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്കും 50 ശതമാനത്തിനടുത്താണ്. 49.40 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51,547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3373 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍കോട് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 2,85,365 കോവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 8267, കൊല്ലം 632, പത്തനംതിട്ട 866, ആലപ്പുഴ 822, കോട്ടയം 1706, ഇടുക്കി 599, എറണാകുളം 8641, തൃശൂര്‍ 1515, പാലക്കാട് 1156, മലപ്പുറം 1061, കോഴിക്കോട് 2966, വയനാട് 214, കണ്ണൂര്‍ 1170, കാസര്‍ഗോഡ് 611 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,86,868 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.