നിവിന്‍ പോളിയുടെ 1983 രോഹന്റെ കഥ; എല്ലാ പിന്തുണയും നല്‍കി മകനെ ക്രിക്കറ്റ് താരമാക്കിയത് അച്ഛന്‍ സുശീല്‍


നിവിന്‍ പോളി നായകനായി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 1983. മകനെ ക്രിക്കറ്റ് താരമാക്കാനായി പരിശ്രമിക്കുന്ന അച്ഛനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മലിന്റെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന ചിത്രമാണ് ഇത്.

1983 ന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പക്ഷേ രോഹനെ അറിയില്ലായിരുന്നു. അവന്റെ ജീവിതകഥയല്ല അവര്‍ വെള്ളിത്തിരയിലെത്തിച്ചത്. എന്നാല്‍ മകനെ ക്രിക്കറ്റ് താരമാക്കാനായി ജീവിതം തന്നെ മാറ്റി വച്ച നിവിന്‍ പോളിയുടെ രമേശന്‍ എന്ന കഥാപാത്രത്തിന്റെ നേര്‍പകര്‍പ്പാണ് രോഹന്റെ അച്ഛന്‍ സുശീല്‍ കുന്നുമ്മല്‍.

രമേശനെ പോലെ ചെറുപ്പം മുതലേ ക്രിക്കറ്റിനെ സ്‌നേഹിച്ച സുശീലിന്റെ വലിയ ആഗ്രഹമായിരുന്നു ക്രിക്കറ്റ് താരമാവുക എന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അംഗമാവുക എന്ന സുശീലിന്റെ സ്വപ്‌നം കാര്‍ഷിക സര്‍വ്വകലാശാലാ ടീമിന് അപ്പുറം പോയില്ല. മികച്ച ബാറ്റ്‌സ്മാനായിരുന്നിട്ടും വിധി സുശീലിന് എതിരായി.

തന്റെ സ്വപ്‌നം മകനിലൂടെ പൂവണിയിക്കാനായി പരിശ്രമിക്കുന്ന അച്ഛനെയാണ് പിന്നീട് സുശീലില്‍ കണ്ടത്. 1983 ലെ രമേശന്‍ സ്വന്തമായി ബൗളിങ് മെഷീന്‍ ഉണ്ടാക്കിയാണ് മകനെ ബാറ്റിങ് പരിശീലിപ്പിച്ചത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സുശീല്‍ സ്വയം ‘ബൗളിങ് മെഷീനാ’യി മാറിയാണ് മകന്‍ രോഹനെ പരിശീലിപ്പിച്ചത്.

വീട്ടിലെ വരാന്തയായിരുന്നു കുഞ്ഞു രോഹന്റെ ആദ്യ പരിശീലനക്കളരി. വരാന്തയുടെ ഒരു ഭാഗം നെറ്റ് കൊണ്ട് കെട്ടിയടച്ച് പിച്ചൊരുക്കിയ അച്ഛന്‍ സുശീല്‍ മകന് കഠിനമായ പരിശീലനം നല്‍കി. അച്ഛന്‍ തന്നെയാണ് ബാറ്റിങ് പരിശീലിക്കാന്‍ രോഹന് പന്തെറിഞ്ഞ് നല്‍കിയത്.

രാത്രി മുഴുവനുമാണ് പരിശീലനം. ഏകദേശം 350 ഓളം പന്തുകള്‍ വരെ ദിവസവും രോഹനു വേണ്ടി സുശീല്‍ എറിഞ്ഞു. ടെന്നീസ് ബോല്‍ ഉപയോഗിച്ചായിരുന്നു അന്നത്തെ പരിശീലനം എന്ന് രോഹന്‍ ഓര്‍ക്കുന്നു.

പിന്നീട് തലശ്ശേരിയിലെ ക്രിക്കറ്റ് ക്യാമ്പിലായിരുന്നു രോഹന്റെ പരിശീലനം. അത് കഴിഞ്ഞ് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലായി പരിശീലനം. എല്ലായിടത്തും മിന്നുന്ന പ്രകടനം കാഴ്ച വച്ച രോഹനെ തേടി അവസരങ്ങള്‍ എത്തി. പടിപടിയായി ഉയര്‍ന്ന രോഹന്‍ ഒടുവില്‍ അണ്ടര്‍-19 ദേശീയ ടീമിലും രഞ്ജി ട്രോഫിയ്ക്കായുള്ള കേരള ടീമിലുമെല്ലാം ഇടം പിടിച്ചു. വിവധ ടൂര്‍ണ്ണമെന്റുകളിലായി രോഹന്റെ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ക്ക് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായി.

രോഹന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അച്ഛന്‍ സുശീലിന്റെ നിശ്ചയദാര്‍ഡ്യത്തോടെയുള്ള പിന്തുണയുണ്ട്. 1983 എന്ന ചിത്രവുമായി തന്റെ ജീവിതത്തിന് വളരെയേറെ സാമ്യമുണ്ടെന്ന് രോഹന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റില്‍ മാത്രമല്ല, ഏത് കാര്യത്തിലായാലും മാതാപിതാക്കളുടെ നിര്‍ലോഭമായ പിന്തുണ ഉണ്ടെങ്കില്‍ കുട്ടികള്‍ ലക്ഷ്യം കൈവരിക്കുമെന്നതിന്റെ തെളിവ് കൂടിയാണ് രോഹന്റെ ജീവിതം.

രോഹൻ കുന്നുമ്മലിനെ കൊയിലാണ്ടിയുടെ വാർത്താ താരമായി തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

[vote]