കൊയിലാണ്ടി ഫയര്‍സ്‌റ്റേഷനിലെ സിവില്‍ വളണ്ടിയര്‍ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ട്‌സ് അടക്കം മൂന്ന് റെക്കോര്‍ഡുകള്‍


കൊയിലാണ്ടി: കേരള ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെ ഏഴ് വ്യത്യസ്ത മിനിയെച്ചര്‍ മോഡലുകളുണ്ടാക്കി മൂന്ന് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി കൊടശ്ശേരി സ്വദേശി. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയറായ നിഖില്‍ രാജാണ് നേട്ടം കൊയ്തത്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയാണ് നിഖില്‍രാജ് നേടിയത്.

കോവിഡ് കാലത്തിന് ഒരു കൗതുകമെന്നോണമാണ് നിഖില്‍ വാഹനങ്ങളുടെ മിനിയെച്ചര്‍ നിര്‍മ്മിക്കുന്നത്. ഒരു ബസിന്റെറ മിനിയെച്ചര്‍ നിര്‍മ്മിക്കുന്നതിനായി പ്രഫഷണല്‍സിലെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത്രയും തുക നിഖിലിന്റെ പക്കല്‍ കൊടുക്കാനില്ലായിരുന്നു. ഇതോടെയാണ് സ്വന്തമായി നിര്‍മ്മിച്ചാലോയെന്ന ആശയം വരുന്നത്. ഈ രംഗത്ത് പരിചയമുള്ളവരോട് വിവരങ്ങള്‍ തിരക്കുകയും ചെയ്തു. നിഖില്‍ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നു. അതിനാല്‍ വാഹനങ്ങളെക്കുറിച്ച് താരതമ്യേന മെച്ചപ്പെട്ട അറിവുണ്ട്. ഇതെല്ലാം മിനിയെച്ചര്‍ നിര്‍മ്മാണത്തില്‍ ഗുണം ചെയ്‌തെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഫോം ഷീറ്റിലാണ് ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടെ ടയര്‍ ഉള്‍പ്പെടെ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനകം വിവിധ വാഹനങ്ങളുടേതായി നൂറിലേറെ മിനിയെച്ചറുകള്‍ നിഖില്‍ രാജ് തയ്യാറാക്കിയിട്ടുണ്ട്. അതില്‍ കൂടുതലും ഫയര്‍ഫോഴ്‌സ് വാഹനങ്ങളുടേതാണ്.[vote]