ആശങ്കയായി പുതിയ കൊവിഡ് വകഭേദം ഇഹു; വ്യാപക ശേഷിയിൽ ഒമിക്രോണിനേക്കാൾ മുന്നിൽ
കോഴിക്കോട്: അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദത്തെ തുടർന്ന് ലോകരാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശങ്കയ്ക്ക് ആക്കം കൂട്ടി പുതിയൊരു വകഭേദം കൂടി സ്ഥിരീകരിച്ചു. ബി.1.640.2 എന്ന ഈ വകഭേദം, ലോകാരോഗ്യ സംഘടന അംഗീകരിച്ച് പുനർനാമകരണം ചെയ്യുന്നത് വരെ ഇഹു (ഐ.എച്ച്.യു) എന്നറിയപ്പെടും. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് ഈ വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞത്.
ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്നും ദക്ഷിണ ഫ്രാൻസിലെ മാർസെയിൽസിലെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇയാളുമായി അടുത്തിടപഴകിയ 12 പേരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വകഭേദത്തിന് ഒമിക്രോണിനെക്കാൾ വ്യാപന ശേഷി കൂടുതലാണെന്നാണ് വിവരം.
ഇഹുവിൽ 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും മനുഷ്യരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്താൻ ഈ വകഭേദത്തിന് കഴിയുമെന്നുമാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്. പലതവണ വ്യതിയാനം സംഭവിച്ചതിനാൽ ഈ വൈറസിന് വാക്സിനുകളിൽ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാദ്ധ്യത ഗവേഷകർ തള്ളിക്കളയുന്നില്ല. അതേ സമയം പുതിയ വകഭേദത്തെപ്പറ്റിയുള്ള പഠനങ്ങൾ പ്രാഥമിക ഘട്ടത്തിലാണെന്നും വൈറസിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ച് കൃത്യമായി പറയാൻ ഇപ്പോൾ കഴിയില്ലെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.