ബാലുശ്ശേരിയിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കി; കുറ്റകരമായ നരഹത്യയും വധശ്രമവും; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ


ബാലുശേരി: ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. ജിഷ്ണുവജനെ മർദിച്ച മുഹമ്മദ് സുൽഫി, ജുനൈദ്, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും എസ്.ഡി.പി.ഐ പ്രവർത്തകരാണ്.

കസ്റ്റഡിയിൽ എടുത്ത പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റു രേഖപ്പെടുത്തപകയായിരുന്നെന്ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ സി.ഐ സുരേഷ് കുമാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കേസിൽ ഇതുവരെ ഒമ്പത് പേർ അറസ്റ്റിലായതായി അദ്ദേഹം പറഞ്ഞു.

ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പില്‍ ജിഷ്ണു ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമിക്കപ്പെട്ടത്. കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഡി.പി.ഐ പോസ്റ്റര്‍ കീറി എന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. ജിഷ്ണു സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്തുവിട്ടിരുന്നു.