സില്‍വര്‍ ലൈന്‍: സാമൂഹികാഘാത പഠനം ഇന്ന് മുതല്‍; തുടക്കം കണ്ണൂരിലെ പയ്യന്നൂര്‍ പഞ്ചായത്തില്‍ നിന്ന്


കണ്ണൂര്‍: സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് ആരംഭിക്കും. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത്ത് സര്‍വ്വീസസ് നടത്തുന്ന പഠനത്തിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പഞ്ചായത്തിലാണ് തുടക്കമാവുക.

പദ്ധതി വരുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരില്‍ കണ്ട് അവരുന്നയിക്കുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനം. ഇതിനായി ചോദ്യാവലി തയ്യാറാക്കി വളണ്ടിയര്‍മാര്‍ വീടുകളിലെത്തും. കണ്ണൂര്‍ ജില്ലയില്‍ മാത്രം കെ റെയില്‍ കടന്നുപോകുന്ന 63 കിലോ മീറ്റര്‍ ദൂരത്ത് 20 വില്ലേജുകളിലായി 196 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. പള്ളിക്കുന്നുമുതല്‍ പയ്യന്നൂര്‍വരെയുള്ള വില്ലേജുകളില്‍ സര്‍വേ കല്ലിടല്‍ പൂര്‍ത്തിയായി. കണ്ണൂര്‍ മുതല്‍ മയ്യഴി വരെയുള്ള ഭാഗത്ത് നടപടി തുടങ്ങിയിട്ടുണ്ട്.

വീടുകളില്‍ സര്‍വ്വേ നടത്തിയും ജനപ്രതിനിധികളെ കേട്ടും റിപ്പോര്‍ട്ട് 100 ദിവസത്തിനകം സമര്‍പ്പിക്കാനാണ് ഏജന്‍സിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

എത്രപേരെ കുടിയൊഴിപ്പിക്കേണ്ടിവരും, എത്രപേര്‍ മാറിത്താമസിപ്പിക്കണം, മറ്റ് പ്രത്യാഘാതങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളും പഠന വിധേയമാക്കും. പദ്ധതിയുടെ ഭാഗമായി സിആര്‍സെഡ് സോണുകളെയും കണ്ടല്‍ക്കാടുകളെയും കുറിച്ചുള്ള പഠനം നാഷണല്‍ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

[vote]