സിനിമാ-സീരിയൽ നടൻ വി.പി ഖാലിദ് അന്തരിച്ചു
കൊച്ചി: പ്രശസ്ത നടൻ വി.പി ഖാലിദ് അന്തരിച്ചു. സിനിമാ-സീരിയൽ – നാടകം തുടങ്ങി എല്ലാ മേഖലകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഖാലിദ്. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഫോർട്ടു കൊച്ചി സ്വദേശിയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മറിമായം’ സീരിയലിലെ ‘സുമേഷേട്ടൻ’ എന്ന കഥാപാത്രത്തിലൂടെ ആണ് പ്രശസ്തനായത്. മകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിൻ വെള്ളം’ ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1973 ൽ പുറത്തിറങ്ങിയ പെരിയാർ അണ് ആദ്യ ചിത്രം. പ്രൊഫഷണൽ നാടകവേദിയിലും സജീവമായിരുന്നു. കൂടാതെ മേക്കപ്പ്, മാജിക്ക് എന്നിവയിലും ശ്രദ്ധ നേടിയിട്ടുണ്ട്.
സഫിയ, ആരിഫ എന്നിവരാണ് ഭാര്യമാർ. സംവിധായകൻ ഖാലിദ് റഹ്മാൻ, ചായാഗ്രാഹകൻ ഷൈജു ഖാലിദ് , ജിംഷി ഖാലിദ്, റഹ്മത്ത്, അന്തരിച്ച ചായഗ്രാഹകൻ ഷാജി ഖാലിദ് എന്നിവർ മക്കളാണ്.