‘ടീച്ചറേയെന്ന വിളിയുമായി ഇനി അവനില്ല’; കുറ്റ്യാടിയില്‍ ടിപ്പര്‍ ലോറിയടിച്ച് മരിച്ച അഫ്‌നാന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നാട്


കുറ്റ്യാടി: വാരാന്ത്യ അവധി കഴിഞ്ഞ് തിങ്കളാഴ്ച കാണാമെന്ന് ടീച്ചറോടും സുഹൃത്തുക്കളോടും പറഞ്ഞ് വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് മടങ്ങിയ അഫ്‌നാന്റെ മരണവാര്‍ത്തായാണ് പിന്നീട് സുഹൃത്തുക്കളും അധ്യാപകരുമെല്ലാം അറിയുന്നത്. എട്ടുവയസുകാരനായ അഫ്‌നാന്‍ വടയം സൗത്ത് എല്‍.പി.സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. കോവിഡിന് ശേഷം സ്‌കൂള്‍ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ സുഹൃത്തുക്കളുടെ ഒപ്പമിരുന്ന് കളിച്ച് രസിച്ച് പഠിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു അഫ്‌നാന്‍. എന്നാല്‍ ടിച്ചറേയെന്ന വിളിയുമായി അവന്‍ ഇനി തിരികെ വരില്ലെന്ന ദു:ഖമുള്‍ക്കൊള്ളാനാകാതെ നീറുകയാണ് വടയം സൗത്ത് എല്‍.പി.സ്‌കൂളിലെ അധ്യാപകര്‍.

ഇന്നലെ വൈകീട്ടാണ് ഏവരെയും ഞെട്ടിച്ച് കുറ്റ്യാടിക്കടുത്ത് വടയത്ത് ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന അഫ്‌നാനെ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ വണ്ടി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കളി കഴിഞ്ഞ് മടങ്ങി വരുന്ന പൊന്നോമനകളെ കാത്തിരിക്കുകയായിരുന്നു ഉമ്മ ഉമൈറ. എന്നാല്‍ നിശ്ചലമായ ഇളയ മകന്റെ മൃതദേഹമാണ് പിന്നീടവര്‍ കാണുന്നത്. ചുണ്ടേമ്മല്‍ അസ്ലമിന്റെ മകനാണ് അഫ്‌നാന്‍. സഹോദരന്‍ അദ്‌നാന്‍.