ഗസല്‍ സംഗീതത്തിന്റെ വേറിട്ട സൗന്ദര്യം; ആയിരം വേദികള്‍ പിന്നിട്ട ഗസല്‍ യാത്ര തുടര്‍ന്ന് കൊയിലാണ്ടിക്കാരി സുസ്മിത ഗിരീഷ്


എ. സജീവ് കുമാർ

കൊയിലാണ്ടി: ഗസൽ സംഗീത രംഗത്ത് ആയിരം വേദികൾ പിന്നിട്ട സുസ്മിത ഗിരീഷ് തൻ്റെ ജൈത്രയാത്ര തുടരുകയാണ്.

ലഗ് ജാ ഗലേ കി ഫിർ യെ
ഹസീ രാത് ഹോ ന ഹോ
ശായദ് ഫിർ ഇസ് ജനം മേ
മുലാകാത് ഹോ ന ഹോ

(എന്നെ പുണരൂ, ഇങ്ങനെയൊരു സുന്ദരരാത്രി ഇനി വന്നെന്നു വരില്ല, ഇനിയീ ജീവിതത്തിൽ, ഒരിക്കൽ കൂടി നമ്മൾ കണ്ടുമുട്ടിയെന്നു പോലും വരില്ല….)

ഗസൽ ഗായിക സുസ്മിത ഗിരീഷ് പാടുകയാണ്.

രാജാ മെഹന്തി അലി ഖാൻ രചിച്ച് മദൻ മോഹൻ സംഗീതം പകർന്ന ലതാമങ്കേഷ്കർ പാടിയ ഈ ഗാനത്തോടെയാണ് സുസ്മിത തൻ്റെ ഗസൽ വേദികളെ ഉണർത്താറ്. ഗസൽ സംഗീതം മാത്രമായി ആയിരം വേദികൾ പിന്നിട്ട സുസ്മിതക്ക് ലതാ മങ്കേഷ്ക്കറുടെ വേർപാടിനു ശേഷം വേദികൾ കൂടി വരികയാണ്.

കാരണം ലതാജിയുടെ ഗസൽ ഗാനങ്ങളാണ് സുസ്മിതക്ക് ഏറെയിഷ്ടം. മഴക്കാലം തുടങ്ങിയതിനാൽ പൊതുവേദികൾ കുറഞ്ഞു വരുന്നു. എന്നാൽ നൂറുകണക്കിന് വിവാഹ വീടുകളിലെ പാർട്ടി ദിനങ്ങളിൽ സുസ്മിതയുടെ ഗസൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിരവധി വീട്ടുകാർ.

വിരഹം, പ്രണയം, ഏകാന്തത, ഗൃഹാതുരത്വ സ്മരണകൾ എല്ലാം നിറഞ്ഞു നിൽക്കുന്ന ഗസൽ ഗാനങ്ങൾ കേട്ടിരിക്കാനായി മാത്രം എത്തുന്ന നിരവധി പേർ മലബാറിലെ നിരവധി ഇടങ്ങളിൽ തടിച്ചുകൂടുന്നു. പഴയ ഹിന്ദി, മലയാളഗാനങ്ങൾക്ക് ഗസൽ ഭാവം പകർന്ന് സുസ്മിത ആലപിക്കുന്നത് കേൾക്കാൻ പ്രത്യേക സൗന്ദര്യം തന്നെയുണ്ടെന്ന് ആസ്വാദകർ.

ലതാജിയെ കൂടാതെ, സൈഗാൾ, മുഹമ്മദ് റഫി, പങ്കജ് ഉദാസ്, ജഗ്ജിത് സിങ്, ഷഹബാസ് അമൻ…. തുടങ്ങി ഉമ്പായിയുടെ മലയാള ശീലുകൾ വരെ നൂറു കണക്കിന് ചാരുതയാർന്ന പാട്ടുകളാണ് സുസ്മിത വേദിയിൽ ആലപിക്കാറ്.

കഴിഞ്ഞ ഏപ്രിലിലാണ് ഗസൽ രംഗത്ത് സുസ്മിത ആയിരം വേദികൾ പൂർത്തിയാക്കിയത്. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്നാണ് സുസ്മിത ഗാന ഭൂഷണം പാസായത്. ഹിന്ദുസ്ഥാനി സംഗീതത്തിൽ വിജയ് സുവർ വേനും അനിൽദാസുമാണ് ഗുരുസ്ഥാനീയർ. പഠന കാലത്തു തന്നെ നിരവധി വേദികളിൽ കയ്യടി നേടി.

ലതാജിയുടെ ശബ്ദം അതേ രീതിയിൽ പകർത്താൻ കഴിയുന്ന സുസ്മിത ഗാനമേളകളിൽ ലതയുടെ പാട്ടുകൾ പാടുന്ന ഗായികയായി അറിയപ്പെട്ടു. അതിനിടയിൽ തന്നെ ഹിന്ദുസ്ഥാനി രാഗത്തോടുള്ള അദമ്യമായ പ്രേമം ഗസൽ വേദികളാണ് തൻ്റെ ഇടമെന്ന് തെളിയിച്ചു.

പാട്ടുകൾക്കിടയിൽ അറേബ്യൻ ഗാന ശാഖയായ ഖസീദയിൽ തുടങ്ങി തഷ് ബീബിൽ നിന്ന് വേർതിരിഞ്ഞ് ഇറാനിലെ ജനമനസ് കീഴടക്കി ഒഴുകി പരന്നതു മുതൽ തുർക്കികളും അഫ്ഗാനികളും ഇന്ത്യയിലെത്തിച്ചതു വരെയുള്ള ഗസലിൻ്റെ ചരിത്രവുമെല്ലാം ഗായികയിൽ നിന്ന് കേൾക്കാം. മനോഹരമായ ശബ്ദത്തോടൊപ്പം വേറിട്ട ഭാവങ്ങളും ചേർന്നുള്ള സുസ്മിതയുടെ മെഹ്ഫിൽ കേൾക്കാനുള്ളത് പോലെതന്നെ കാണാനുള്ളതുംകൂടിയാകുന്നു.

പന്തലായനി ബി.ആർ.സിയിൽ സംഗീതധ്യാപികയാണ് സുസ്മിത ഗിരീഷ്. ഹാർമോണിയത്തിൽ അനൂപും തബലയിൽ ഷബീർദാസും ഗിറ്റാറിൽ രാജീവും ഫ്ളൂട്ടിൽ ശശി പൂക്കാടുമാണ് പിന്നണി ഒരുക്കുന്നത്. ഒരു പ്രൈവറ്റ് കമ്പനിയിൽ എക്സിക്യൂട്ടീവായ ഭർത്താവ് ഗിരീഷ് തന്നെയാണ് ട്രൂപ്പ് മാനേജർ. ഗൗതം, നിലാവ് എന്നീ രണ്ടു മക്കളാണ് ഇവർക്കുള്ളത്.