പൊയിൽക്കാവ് അപകടം: മണിക്കൂറുകൾ കഴിഞ്ഞിട്ടും അഴിയാതെ ദേശീയപാതയിലെ വൻ ഗതാഗതക്കുരുക്ക്; ആംബുലൻസുകളും കുരുങ്ങി


കൊയിലാണ്ടി: മണിക്കൂറുകൾ പിന്നിട്ടിട്ടും ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് തുടരുന്നു. കൊയിലാണ്ടി, പൊയിൽക്കാവ്, ചേമഞ്ചേരി ഭാഗങ്ങളിലെ ദേശീയ പാതയിലാണ് ഗതാഗതക്കുരുക്ക് കൂടുതലായും അനുഭവപ്പെട്ടത്. ഇന്ന് നാലു മണിയോടെ പൊയിൽക്കാവിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ദേശിയ പാതയിൽ ഗതാഗതം സ്തംഭിച്ചത്.

ഗതാഗത കുരുക്കിനെ തുടർന്ന് ആംബുലൻസിനു പോലും സംഭവ സ്ഥലത്തെത്താൻ ബുദ്ധിമുട്ടിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അതിനെത്തുടർന്ന് പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് സ്വകാര്യ വാഹനങ്ങളിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് പൊയിൽക്കാവിൽ അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്ന് വന്ന ഇന്നോവ കൊയിലാണ്ടി ഭാഗത്ത് നിന്ന് വന്ന സ്വിഫ്റ്റ് കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇതിനു തൊട്ട് പിന്നാലെ കൊയിലാണ്ടി ഭാഗത്തു നിന്ന് വന്ന ഇന്നോവയും അപകടത്തിൽ പെട്ട സ്വിഫ്റ്റ് കാറിൽ ഇടിയ്ക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

അപകടത്തിൽ ഏഴു പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.