നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു; മുത്താമ്പിയിൽ സ്ഥലം കയ്യേറി കനലിനോട് ചേർന്ന് സ്വകാര്യ വ്യക്തി നിർമ്മിച്ച മതിൽ പൊളിച്ചുമാറ്റി
കൊയിലാണ്ടി: ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു, മുത്താമ്പി ടൗണിന് പിന്നിലൂടെയുളള കൈക്കനാലിനോട് ചേർന്ന് അനധികൃതമായി കെട്ടിയ മതിൽ പൊളിച്ചുമാറ്റി. ജലസേചന വകുപ്പിന്റെ സ്ഥലം കയ്യേറിയാണ് മതിൽ കെട്ടിയിരുന്നത്. ഇത് സംബന്ധിച്ച വാർത്ത കൊയിലാണ്ടി ന്യൂസ് ഡോട് കോം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനെതിരെ സമീപവാസികള്‍ മൈനര്‍ ഇരിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇറിഗേഷൻ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും മതിൽ കെട്ടിയ സ്വകാര്യ വ്യക്തിയോട് ഉടൻ പൊളിച്ചുമാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഉടമ തന്നെ മതിൽ പൊളിച്ചു നീക്കി.
വേനല്‍ കാലത്ത് മുത്താമ്പി, വടപ്പുറം കുനി ഭാഗത്തേക്ക് കനാല്വെളളമെത്തുന്ന കനാലാണിത്. എന്നാൽ ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കുപ്പികള്‍ എന്നിവയെല്ലാം ഈ കനാലിലേക്ക് വലിച്ചെറിഞ്ഞ് കനാല്‍ തന്നെ ഇല്ലാതാക്കുനുളള ശ്രമവും നടക്കുന്നുണ്ട്.
മുമ്പൊക്കെ ആളുകള്‍ കനാല്‍ വശത്തിലൂടെ കാല് നടയായി പോകാറുണ്ടായിരുന്നു. കനാല്‍ ഓരത്ത് മതില്‍കെട്ടിയതോടെ കാല്‍നട യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. കനാല്‍ ഭൂമി സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അനധികൃത കയ്യേറ്റം തടയണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.