ചെറുകിട വിൽപ്പനയ്ക്കായി ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ചു; വടകരയിൽ മധ്യവയസ്‌കൻ പിടിയിൽ
വടകര: കഞ്ചാവുമായി വടകരയിൽ മധ്യവയസ്‌കൻ പിടിയിൽ. തിരുവള്ളൂർ സ്വദേശി കരുവന പറമ്പത്ത് വീട്ടിൽ മുഹമ്മദ് മകൻ മൊയ്തു (51) വിനെയാണ് പിടികൂടിയത്. 3.100 കിലോ കഞ്ചാവാണ് ഇയാളുടെ കയ്യിൽ നിന്ന് പിടികൂടിയത്.
ഇന്നലെ രാത്രി നടത്തിയ പരിശോധനയുടെ ഇടയിലാണ് ഇയാളെ പിടികൂടിയത്. തിരുവള്ളൂർ കണ്ണമ്പത്ത് കരയിൽ വെച്ചാണ് എക്സൈസ് റെയ്ഞ്ച് പാർട്ടി ഇയാളെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് ഇയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്തത്. വർഷങ്ങളായി ആന്ധ്രയിൽ ചായക്കച്ചവടം നടത്തുകയായിരുന്നു മുഹമ്മദ്.
സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയതോടെയാണ് മുഹമ്മദ് പിടിയിലായത്. ചെറുകിട വിലപ്പന ലക്ഷ്യം വെച്ചാണ് ഇയാൾ കഞ്ചാവ് വടകരയിൽ എത്തിച്ചത്. പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
എക്സൈസ് പാർട്ടിയിൽ ഇൻസ്പെക്ടർ പി.പി വേണു, പ്രിവന്റീവ് ഓഫീസർമാരായ കരുണൻ കെ.സി, രാമചന്ദ്രൻ പി.പി, സി.ഇ.ഒ മാരായ രാകേഷ് ബാബു, വിനീത്, വിജേഷ്, അശ്വിൻ, അനിരുദ്ധ്, രാഹുൽ ആക്കിലേരി, വനിത സി.ഇ.ഒ തുഷാര എന്നിവർ പങ്കെടുത്തു.