പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങി അവര്‍ ചുവടു വച്ചത് ചരിത്രത്തിലേക്ക്; കൊയിലാണ്ടി ഗവ. ഗേള്‍സ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച ശേഷമുള്ള ആദ്യ പ്രവേശനം ആഘോഷമാക്കി നാട്
കൊയിലാണ്ടി: എം.എല്‍.എയില്‍ നിന്നും പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങി അക്ഷയ് അനൂപ് എന്നീ വിദ്യാര്‍ഥികള്‍ കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് കടന്നുവന്നപ്പോള്‍ അതൊരു ചരിത്ര നിമിഷമായിരുന്നു. ലിംഗ സമത്വത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാമെന്ന തീരുമാനം നടപ്പിലായ നിമിഷം.
ആണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനം അനുവദിച്ചതിനുശേഷമുള്ള ആദ്യ പ്രവേശനോത്സവം എന്ന നിലയില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഇത്തവണത്തെ ആഘോഷത്തിന് പ്രാധാന്യം ഏറെയായിരുന്നു. 310 ആണ്‍കുട്ടികളും 170 ആണ്‍കുട്ടികളുമാണ് ഈ വര്‍ഷം പുതുതായി പ്രവേശനം നേടിയത്. പ്രവേശനോത്സവം എം.എല്‍.എ ജമീല കാനത്തില്‍ ഉദ്ഘാടനം ചെയ്തു.
അക്ഷയ് അനൂപിനൊപ്പം ഐഷ ലസ്‌റയ്ക്കും പൂച്ചെണ്ടുകള്‍ നല്‍കി സ്‌കൂളിലേക്ക് സ്വീകരിച്ചുകൊണ്ടാണ് എം.എല്‍.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. പേഡ നല്‍കിയാണ് വിദ്യാര്‍ഥികളെ അധ്യാപകര്‍ സ്‌കൂളിലേക്ക് വരവേറ്റത്. ആഘോഷ നിമിഷത്തില്‍ വിശിഷ്ടാതിഥികളായി കെ.ടി രാധാകൃഷ്ണന്‍ മാസ്റ്ററും പൂര്‍വ്വ വിദ്യാര്‍ഥി കലാഭവന്‍ സരിഗയുമുണ്ടായിരുന്നു. കലാഭവന്‍ സരിഗയും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ കലാവിരുന്ന് അക്ഷരാര്‍ത്ഥത്തില്‍ പ്രവേശനോത്സവ പരിപാടി ഉത്സവമയമാക്കി. വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ മധുരമൂറും പാല്‍പ്പായസം കുടിച്ചാണ് ഉച്ചയോടെ എല്ലാവരും പിരിഞ്ഞത്.
ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലറും പൂര്‍വവിദ്യാര്‍ഥി പ്രതിനിധിയുമായ രത്‌നവല്ലി ടീച്ചര്‍, വടകര ഡി.ഇ.ഒ സി.കെ.വാസു, പി.ടി.എ പ്രസിഡണ്ട് പി.പി.രാധാകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ എ.പി.പ്രബീത്, പൂര്‍വ്വ അധ്യാപക പ്രതിനിധി പി.വത്സന്‍, എസ്.എസ്.ജി ചെയര്‍മാന്‍ പി.കെ.രഘുനാഥ്, കണ്‍വീനര്‍ അന്‍സാര്‍ കൊല്ലം എന്നിവര്‍ ആശംസ ഭാഷണം നടത്തി.
വാര്‍ഡ് കൗണ്‍സിലര്‍ പ്രജീഷ പി.സ്വാഗതവും പ്രധാന അധ്യാപിക എം.കെ.ഗീത നന്ദിയും പറഞ്ഞു.