കൊയിലാണ്ടിയില്‍ വീണ്ടും പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കയറി മോഷണം: രണ്ടുപവന്റെ ആഭരണം നഷ്ടമായി


കൊയിലാണ്ടി: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയില്‍ നിന്നാണ് മോഷണം പോയത്.

ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ് സ്വര്‍ണ്ണവുമായി മുങ്ങിയതെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. ഏതാണ്ട് രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ ചെയിനാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.

ഇവര്‍ പോയതിന് ശേഷമാണ് സി.സി.ടി.വി.യില്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കൊയിലാണ്ടി പോലീസ് എസ്.ഐ എം.എന്‍.അനൂപ് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ കൊയിലാണ്ടിയില്‍ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ മോഷമാണ് ഇത്. പഴയ ബസ് സ്റ്റാന്റിനു പിറകിലുള്ള ജെയ് ആര്‍ ജ്വല്ലറിയിലാണ് കഴിഞ്ഞ വ്യാഴാഴ്ച മോഷണം നടന്നത്.

അലമാരയില്‍ വെക്കാനായി പ്ലാസ്റ്റിക് കവറില്‍ വെച്ച താലി ലോക്കറ്റുകള്‍ മോഷ്ടാവ് കവരുകയായിരുന്നു. കടയിലെത്തിയ ആള്‍ വിവരങ്ങള്‍ അന്വേഷിച്ചശേഷം മകളെയും കൂട്ടിവരാമെന്ന് പറഞ്ഞ് കയ്യിലുണ്ടായി കുട മേശപ്പുറത്തുണ്ടായിരുന്ന ആഭരണ കവറില്‍ വെച്ച് കവറോടുകൂടി എടുക്കുകയായിരുന്നു.