കോവിഡ് അതിതീവ്ര വ്യാപനം; കൂടുതൽ നിയന്ത്രണങ്ങളിലേക്ക് ജില്ല; പൊതു പരിപാടികൾക്ക് നിരോധനം



കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വൈറസ് അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൂടതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങി ജില്ല. പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിൽ പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തി.

ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ വിധത്തിലുള്ള പൊതുപരിപാടികളും നിരോധിച്ചത്. നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കളക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ഇന്ന് രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു.

മതപരമായ പരിപാടികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.

പൊതുയോഗങ്ങൾക്കെല്ലാം വിലക്കേർപ്പെടുത്തി. എല്ലാ സർക്കാർ, അർധസർക്കാർ സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താവൂ.

ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരൽ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവികളെ ചുമതലപ്പെടുത്തി.

ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നത് കർശനമായി നിയന്ത്രിക്കും. ഇതിനായി സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്താൻ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളുമായുള്ള ബസ് യാത്രയും അനുവദനീയമല്ല എന്ന് കളക്ടർ അറിയിച്ചു.