നെല്യാടിക്കടവിന് സമീപം ചൂണ്ടയിടാന്‍ പോയ എട്ട് വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു


കൊയിലാണ്ടി: കൂട്ടുകാര്‍ക്കൊപ്പം ചൂണ്ടയിടാന്‍ പോയ എട്ടു വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. നെല്യാടിക്കടവിന് സമീപമാണ് അപകടമുണ്ടായത്. പുളിയഞ്ചേരി പാലോളി താഴെ കുനി ഷാജിറിന്റെ മകന്‍ മുഹമ്മദ് മുസമ്മില്‍ ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനായി പോയതായിരുന്നു മുസമ്മില്‍. ബാക്കിയുള്ളവരെല്ലാം തിരിച്ചു വന്നെങ്കിലും മുസമ്മല്‍ തിരിച്ചെത്തിയില്ല. സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ കണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.

തുടര്‍ന്നാണ് നാട്ടുകാര്‍ കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയത്. രാത്രിയായിട്ടും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ആഴമേറിയ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ ചെരിപ്പ് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തുമ്പോഴേക്ക് കുട്ടിയെ പുഴയില്‍ നിന്ന് നാട്ടുകാര്‍ പുറത്തെടുത്തിരുന്നു. പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പുളിയഞ്ചേരി യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുസമ്മില്‍. ഉമ്മ ഹൈറുന്നീസ. സഹോദരങ്ങള്‍ മുഹമ്മദ് മിഷാന്‍, മുഹമ്മദ് മിന്‍ഹജ്ജ്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.