മീറ്റര്‍ റീഡിങ്ങിനിടെ ആട്ടിൻകുട്ടിയുടെ കരച്ചിൽ കേട്ടു, റീഡര്‍ മാറ്റൊരാളെ ഏല്‍പ്പിച്ച് കിണറ്റിലേക്ക് എടുത്തുചാടി; ആട്ടിന്‍കുട്ടിക്ക് രക്ഷകനായി മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അജീഷ്
പേരാമ്പ്ര: കിണറ്റിനുള്ളില്‍ നിന്ന് ആട്ടിന്‍കുട്ടിയുടെ കരച്ചില് കേട്ടപ്പോള്‍ രണ്ടാമതൊന്നാലോചിക്കാനില്ലായിരുന്നു ജനകീയമുക്ക് സ്വദേശി അജീഷിന്. കഴിഞ്ഞ ദിവസം ചെനായി എടവരാടാണ് കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിയെ രക്ഷിച്ച് സഹജീവി സ്നേഹത്തിന്റെ മാതൃകയായി മാറിയ ഈ സംഭവം അരങ്ങേറിയത്.
എടവരക്കാടെ പുത്തന്‍പുരയില്‍ മുസയുടെ ആട്ടിന്‍ കുട്ടി കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. പേരാമ്പ്ര കെ.എസ്.ഇ.ബിയിലെ ജീവനക്കാരനായ അജീഷ് മീറ്റര്‍ റീഡു ചെയ്യുന്നതിനിടയിലാണ് ആട്ടിന്‍ കുട്ടി കിണറ്റില്‍ വീണതറിയുന്നത്. ഉടന്‍ തന്നെ തന്റെ റീഡിംഗ് മെഷീന് മറ്റൊരാളെ ഏല്‍പ്പിച്ച് വെള്ളം കോരാനുപയോഗിക്കുന്ന കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങുകയായിരുന്നു.
[wa]
15 പടയോളമുള്ള കിണറ്റിലാണ് ആട്ടില്‍ കുട്ടി വീണത്. വെള്ളമുണ്ടായിരുന്ന കിണറില്‍ ഇറങ്ങി ആട്ടിന്‍ കുട്ടിയെ ചേര്‍ത്ത് പിടിച്ച ശേഷം കയറില്‍ കെട്ടിയ ചാക്കിലാക്കി ആട്ടിന്‍കുട്ടിയെ മുകളിലെത്തിക്കുകയായിരുന്നു. യാതൊരു സുരക്ഷാ മുന്‍കരുതലിനും കാത്തു നില്‍ക്കാതെ ജീവനുവേണ്ടി പിടയുന്ന ആടിനെ രക്ഷിക്കാന്‍ അജീഷ് കാണിച്ച ആത്മാര്‍ത്ഥത അഭിനന്ദാര്‍ഹമാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.