ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തു, വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; സംഘപരിവാറുകാരായ സദാചാര ഗുണ്ടകൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി പേരാമ്പ്രയിലെ വിദ്യാർത്ഥികൾ


പേരാമ്പ്ര: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നത് ചോദ്യം ചെയ്യുകയും വിദ്യാർത്ഥിയെ ക്രൂരമായി മർദ്ധിക്കുകയും ചെയ്ത സംഭവത്തിൽ നടപടിയെടുക്കണമെന്ന ആവശ്യവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പേരാമ്പ്ര റീജിയണൽ സബ് സെന്ററിലെ വിദ്യാർത്ഥികൾ.

ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പേരാമ്പ്ര റീജിയണൽ സബ് സെന്ററിലെ വിദ്യാർത്ഥികൾ ബസ് കയറാൻ സ്റ്റോപ്പിൽ നിൽക്കുമ്പോൾ പ്രദേശത്തെ ആർ എസ് എസ് പ്രവർത്തകർ അവരുടെ അടുത്തേക്ക് വരുകയായിരുന്നു. എന്നിട്ടു ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് മോശമായി പെരുമാറുകയും അഭിനവ് എന്ന വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഈ സംഭവം അപലപനീയമാണ് എന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

പേരാമ്പ്രയിൽ ബീഫ് കച്ചവടം ചെയ്ത സ്ഥാപനത്തിനും തൊഴിലാളികൾക്കും നേരെയുള്ള ആർ.എസ്.എസ് അക്രമത്തിലും പ്രതിഷേധിച്ച് എസ് എഫ് ഐ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിരോധം സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം അശ്വന്ത് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അമൽജിത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം അസിൻ ബാനു അഭിവാദ്യം ചെയ്തു. ഏരിയ ജോ.സെക്രട്ടറി അമൽ കെ കെ സ്വാഗതവും, സെക്രട്ടറിയേറ്റ് അംഗം അഭിരാം കെ.സി നന്ദിയും പറഞ്ഞു.

വിദ്യാർത്ഥിയെ ആക്രമിച്ച സംഘപരിവാർ ഗുണ്ടകൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വിദ്യാർത്ഥി പ്രതിരോധ സമരത്തിലൂടെ ആവശ്യമുന്നയിച്ചു. സദാചാര ഗുണ്ടകളെ നിലയ്ക്കു നിർത്തണമെന്ന് എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇന്നലെ മുതൽ നിരവധിയിടങ്ങളിൽ പ്രതിഷേധം നടക്കുകയാണ്.

വിദ്യാർഥികൾക്കുനേരെ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഹലാൽ ബീഫിന്റെ വിൽപ്പനയുടെ പേരിൽ പേരാമ്പ്രയിലെ ബാദുഷ സൂപ്പർമാർക്കറ്റിൽ ആക്രമണം നടന്നത്.

‘മുനീറിന്റെ മകനല്ലേടാ നീ’ എന്ന് ചോദിച്ച് അക്രമി തനിക്കുനേരെ വരുകയായിരുന്നുവെന്ന് അഭിനവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തുടർന്ന് തന്റെ മാസ്‌ക് ബലമായി വലിച്ചൂരികയും അവിടെയുണ്ടായിരുന്ന പെൺകുട്ടികളെയും തങ്ങളെയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ ഇയാൾ ഫോണിൽ മറ്റൊരാളെ വിളിച്ചുവരുത്തുകയും ഇവർ രണ്ടുപേരും തന്നെ കയ്യേറ്റം ചെയ്യുകയും കൂടെയുണ്ടായിരുന്നവരെ അധിക്ഷേപിക്കുകയും ചെയ്‌തെന്നും അഭിനവ് പറയുന്നു. അക്രമികൾ ആർ.എസ്.എസ് പ്രവർത്തകരാണെന്നും ജിഷ്ണുവെന്നയാളാണ് തങ്ങളെ അധിക്ഷേപിച്ചതെന്നും അഭിനവ് പറഞ്ഞു.പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയാണ് അക്രമികളെ നിയന്ത്രിച്ചത്.

പൊലീസിന്റെ സാന്നിധ്യത്തിൽവരെ വിദ്യാർഥിനികളെ അധിക്ഷേപിക്കുകയായിരുന്നു അക്രമികളെന്നും അഭിനവ് പറയുന്നു. മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പിലാക്കിയ അക്രമമായിരുന്നു അതെന്നാണ് അന്നത്തെ അവരുടെ സംസാരത്തിൽ നിന്നും മനസിലായത്. തങ്ങൾ കുറച്ചുകാലമായി നിങ്ങളെ ശ്രദ്ധിക്കുകയാണെന്നും മറ്റും പറഞ്ഞായിരുന്നു അധിക്ഷേപമെന്നും അഭിനവ് പറഞ്ഞു.