ആയിരത്തോളം പ്രവർത്തകർ ഒത്തുകൂടി; അരിക്കുളം വെളിയണ്ണൂർ ചല്ലിയിൽ തെളിനീരൊഴുക്കാനായി
അരിക്കുളം: നാട് മുഴുവൻ ഒത്തുകൂടുകയായിരുന്നു, അരിക്കുളം തോടിനായി. കേരള സർക്കാരിൻ്റെ തെളിനീർ ഒഴുകും നവകേരളം പദ്ധതി പ്രകാരം അരിക്കുളം ഗ്രാമപഞ്ചായത്തിലെ കണ്ണമ്പത്ത് മുതൽ വെളിയണ്ണൂർ ചല്ലി വരെയുള്ള 3500 മീറ്റർ തോടാണ് ശുചീകരിച്ചത്.
തോട് ശുചികരണത്തിനായി ഒരു ഗ്രാമം മുഴുവൻ ഒത്തുകൂടുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ , തൊഴിലുറപ്പ് ,കുടുംബശ്രി, യുവജന സംഘടനകൾ തുടങ്ങി ആയിരത്തോളം പ്രവർത്തകരാണ് ഇതിൽ പങ്കെടുത്തത്. കണ്ണമ്പത്ത് വെളിയണ്ണൂർ ചല്ലി തോട് ശുചീകരണ പ്രവൃത്തി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ കെ.അബിനിഷ്, കെ.എം.അമ്മത്, സെക്രട്ടറി കെ.വി സുനില കുമാരി, എ.സി.ബാലകൃഷ്ണൻ, സി.രാമദാസ് ,ആവള അമ്മത്, ഇ .രാജൻ, അഷറഫ് വള്ളോട്ട്, പ്രദിപൻ കണ്ണമ്പത്ത്, സി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി നഗരസഭയിലും, അരിക്കുളം, കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്ന വെളിയന്നൂര്‍ ചല്ലിയെ കാത്തു സ്വപ്ന പദ്ധതികളാണ് ഒരുങ്ങുന്നത്. അതിന്റെ ആദ്യഘട്ടമായി തോട് നവീകരണവും. ചല്ലിയിലെ പാടശേഖരം കര്‍ഷകരുടെ സഹകരണത്തോടെ പൂര്‍ണ്ണമായി കൃഷി യോഗ്യമാക്കാനുള്ള പദ്ധതികളും ഒരുങ്ങുന്നുണ്ട്. ഒപ്പം ടൂറിസവും.
പ്രധാന തോടുകള്‍ ചേരുന്ന തുരുത്തിയില്‍ താഴ ഭാഗത്ത് വി.സി.ബി നിര്‍മ്മാണം, പീറ്റക്കണ്ടി വി.സി.ബി പുതുക്കി പണിയല്‍, പാടശേഖരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ജലം സംഭരിക്കുന്നതിനുവേണ്ടി എട്ട് ചെറുകുളങ്ങളുടെ നിര്‍മ്മാണം എന്നീ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായുണ്ട്. കൂടുതല്‍ വെളളക്കെട്ടുളള ഭാഗങ്ങള്‍ ടുറിസം സ്‌പോട്ടുകളാക്കി മാറ്റിയെടുക്കും. ഈ പ്രവൃത്തികള്‍ക്കെല്ലാം കൂടി 20.7 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്.
ചല്ലി വികസനത്തിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ 20.7 കോടി രൂപയുടെ പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 279.78 ഹെക്ടര്‍ പാടശേഖരമാണ് വെളിയണ്ണൂര്‍ ചല്ലിയില്‍ ഉളളത്. ഇതില്‍ 90 ശതമാനം സ്ഥലവും നെല്‍കൃഷി ചെയ്യാതെ വെറുതെ കിടക്കുകയാണ്. 20.7 കോടിയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുഴുവന്‍ സ്ഥലത്തും നെല്‍കൃഷി ചെയ്യാന്‍ കഴിയുമെന്നാണ് ഇറിഗേഷന്‍ വകുപ്പ് പ്രതീക്ഷിക്കുന്നത്.
വെളിയണ്ണൂര്‍ ചല്ലിയില്‍ സമഗ്ര നെല്‍കൃഷി വികസന പദ്ധതി നടപ്പിലാക്കിയാല്‍ നെല്‍കൃഷിയോടൊപ്പം, ഔഷധ സസ്യകൃഷി, മീന്‍ വളര്‍ത്തല്‍, കന്നുകാലികൃഷി, താറാവ് വളര്‍ത്തല്‍ എന്നിവയും വെളളക്കെട്ട് കൂടുതലുളള പുഴയുടെ ഭാഗത്ത് ബോട്ടിംഗ് ടുറിസം എന്നിവയും നടത്താമെന്നാണ് വിലയിരുത്തല്‍.