പെരുവയലിൽ എഴുപത്തിരണ്ടുകാരി പൊള്ളലേറ്റു മരിച്ച സംഭവം; ആത്മഹത്യയെന്ന്‌ പോലീസ്


കോഴിക്കോട്: പെരുവയലിലെ വയോധിക പൊള്ളലേറ്റു മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഇന്നലെയാണ് ചെറൂപ്പ ജനത ബസ് സ്റ്റോപ്പിന് സമീപം പയ്യപ്പിള്ളി വീട്ടില്‍ ബേബിയെയാണ് മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്. വീട്ടിലാരുമില്ലാത്തപ്പോഴായിരുന്നു സംഭവം. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് മണ്ണെണ്ണ സൂക്ഷിച്ച പാത്രം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 72 കാരിയായ ബേബിയെ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്നവർ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പോയ സമയത്തായിരുന്നു വീടിന്‍റെ അടുക്കളയില്‍ വയോധിക വെന്തുമരിച്ചത്. ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടർന്നുണ്ടായ അപകടമാണിതെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം ആത്മഹത്യയാണെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആളുകൾ എത്തിയപ്പോഴേക്കും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മണ്ണെണ്ണയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘവും പരിശോധന നടത്തി. ഭര്‍ത്താവിന്‍റെ മരണ ശേഷം ബേബി വീട്ടിൽ തന്നെ ഒതുങ്ങി കഴിയുകയായിരുന്നുവെന്നു അയൽവാസികൾ പറഞ്ഞു. ഇവർ പാര്‍ക്കിന്‍സണ്‍സ് രോഗ ബാധിതയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. അന്വേഷണം പുരോഗമിക്കുന്നു.

[bot1]