കോളനിയിലെ എല്ലാവര്‍ക്കും വീടും കുടിവെള്ളവും ഉറപ്പുവരുത്തി; വിദ്യാഭ്യാസത്തിനും മികച്ച പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി: ചക്കിട്ടപ്പാറയിലെ ആദിവാസി മേഖലയില്‍ മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കിയതിനെക്കുറിച്ച് കെ.സുനില്‍



ചക്കിട്ടപ്പാറ:
തന്നെ വധിക്കുകയെന്നതാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യമെന്ന് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍. ചക്കിട്ടപ്പാറയില്‍ അടിക്കടി മാവോയിസ്റ്റുകള്‍ എത്തുകയും പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്ന നിലയില്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകനായ തന്നെ വധിക്കുകയെന്നതാവാം അവര്‍ ലക്ഷ്യമിടുന്നത്. ചക്കിട്ടപ്പാറയിലെ ട്രൈബല്‍ കോളനികളിലെ മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കിയതും അവരുടെ വിരോധനത്തിന് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.


താമസിക്കാന്‍ സുരക്ഷിതമായ വീടോ കുടിവെള്ള സൗകര്യമോ ട്രൈബല്‍ കോളനികളിലുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ എല്ലാവര്‍ക്കും വീടും കുടിവെള്ളവും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിപോലും സ്‌കൂളില്‍ പോകാത്ത സ്ഥിതിയിലായിരുന്നു ഒരു കാലത്ത് ഈ കോളനി. എന്നാലിന്ന് കോളനിയിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രൈമറി, ഹയര്‍ സെക്കണ്ടറി, പ്രഫഷണല്‍ വിദ്യാഭ്യാസം എന്നിങ്ങനെ പാര്‍ട്ട് തിരിച്ച് ഓരോ വിഭാഗത്തിനും വേണ്ട സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സ്‌കൂള്‍ ബസ് അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഇന്ന് മാവോയിസ്റ്റുകള്‍ക്ക് ഇവിടെ ഒട്ടും സ്വാധീനമില്ലെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകള്‍ എത്താന്‍ സാധ്യതയുണ്ട് എന്ന കാര്യം മുന്‍കൂട്ടി അറിയാന്‍ പൊലീസിന് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വനംവകുപ്പും പൊലീസും മാവോയിസ്റ്റുകളുടെ തിരിച്ചിലിനായി ചക്കിട്ടപ്പാറയില്‍ ഉണ്ട്. എന്നിട്ടും എട്ട് മാസത്തിനിടെ മൂന്ന് തവണയാണ് ചക്കിട്ടപ്പാറ മുതുകാട് മേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയത്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കെ. സുനിലിന് തണ്ടര്‍ബോള്‍ട്ടുകളുടെ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

[bot1]