ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കു പോയ ഉരു ആഴക്കടലില്‍ മുങ്ങി, ആറു തൊഴിലാളികളെ രക്ഷിച്ചു; ഒരു കോടിയുടെ നാശനഷ്ടം
കോഴിക്കോട്: ബേപ്പൂരിൽനിന്നും പോയ ഉരു കടലിൽ മുങ്ങി . വലിയ ദുരന്തം ഉണ്ടാകും മുൻപേ ഇവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്നും ശനിയാഴ്ച രാത്രി ആന്ത്രോത്തിലേക്ക് പോയ മലബാര്‍ ലൈറ്റ് എന്ന ഊരുവാണ് പത്ത് മൈൽ അകലെ ഉൾക്കടലിൽ മുങ്ങിയത്. കോസ്റ്റ് ഗാർഡ് എത്തിയാണ് ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തിയത്.
ഉരു പൂർണമായും കടലിൽ മുങ്ങി.ആറ് ജീവനക്കാർ ആണ് ഉരുവിലുണ്ടായിരുന്നത്. നിലവിൽ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്. ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെട്ട തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് കരയിലേക്ക് കൊണ്ടുവന്നത്.
യാത്രയ്ക്കിടെ 30 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയപ്പോഴാണ് എന്ജിന് മുറിയില്‍ വെള്ളം കയറുന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ബേപ്പൂര്‍ തീരത്തേക്ക് തിരിച്ചു വരുന്നതിനിടെയാണ് പുലര്‍ച്ചെ രണ്ടിന് ഉരു മുങ്ങിയത്. അപകട വിവരം തൊഴിലാളികള്‍ അറിയിച്ച ഉടന്‍ ബേപ്പൂരില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡിന്റെ സി-404 കപ്പല്‍ പുറപ്പെട്ടു. അര മണിക്കൂറിനകം തൊഴിലാളികളെ രക്ഷപ്പെടുത്താനായി.
സിമന്റ്, സ്റ്റീല്‍, എം സാന്‍ഡ്, മെറ്റല്‍, ഹോളോ ബ്രിക്സ് തുടങ്ങിയ നിര്‍മാണ വസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, ഫര്‍ണിച്ചര്‍ എന്നിവ ഉള്‍പ്പെടെ 300 ടണ്‍ ചരക്കുണ്ടായിരുന്നു. ഇതിനു പുറമേ 14 പശുക്കളും ഉരുവില്‍ ഉണ്ടായിരുന്നു. കോഴിക്കോട് സ്വദേശി അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതതയിലുള്ളതാണ് മലബാര്‍ ലൈറ്റ് ഉരു. ഉരുവിനും ചരക്കും ഉള്‍പ്പെടെ ഏതാണ്ട് ഒരു കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു.
[bot1]