മുക്കത്ത് മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടി; ഒരാള്‍ കൂടി അറസ്റ്റില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
മുക്കം: മുക്കുപണ്ടം പണയംവെച്ച് 32 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മാട്ടുമുറിക്കല്‍ ഷൈനിയെയാണ് പോലീസ് ശനിയാഴ്ച അറസ്റ്റുചെയ്തത്. വഞ്ചനക്കുറ്റം ചുമത്തി താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ യുവതിക്ക് മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഷൈനിയുടെ ഭര്‍ത്താവ് സന്തോഷ് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തത്. സന്തോഷും മാട്ടുമുറി സ്വദേശിയും ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ വിഷ്ണു കയ്യൂണുമ്മല്‍ എന്നിവര്‍ പെരുമണ്ണ സഹകരണബാങ്കില്‍ മുക്കുപണ്ടം പണയംവെക്കുന്നതിനിടെയാണ് പിടിയിലായത്. ഇവര്‍ ഇപ്പോള്‍ കോഴിക്കോട് ജയിലില്‍ റിമാന്‍ഡിലാണ്. കേസിലെ മറ്റൊരുപ്രതിയായ കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും മുക്കം ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ് പറഞ്ഞു.
ഒറിജിനലിനെ വെല്ലുന്ന വ്യാജ ആഭരണങ്ങള്‍ പണയപ്പെടുത്തി ഗ്രാമീണബാങ്കിന്റെ കൊടിയത്തൂര്‍ ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപയും കാര്‍ഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്മുഴി ശാഖയില്‍നിന്ന് 7.2 ലക്ഷം രൂപയുമാണ് സംഘം കൈക്കലാക്കിയത്.
പെരുമണ്ണ സര്‍വീസ് സഹകരണബാങ്കില്‍ മുക്കുപണ്ടം പണയംവെക്കുന്നതിനിടെ വിഷ്ണുവും സന്തോഷ് കുമാറും പിടിയിലായതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിനെ തുടര്‍ന്ന് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്ന ഗ്രാമീണബാങ്കിന്റെ കൊടിയത്തൂര്‍ ശാഖയിലും കാര്‍ഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്മുഴി ശാഖയിലും ബാങ്ക് അധികൃതര്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് വ്യാജ ആഭരണങ്ങളാണ് ഇവര്‍ പണയപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയത്.
അതേസമയം, ഗ്രാമീണബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഞ്ഞൂറോളം പണയപ്പൊതികള്കൂടി ചീഫ് മാനേജര്‍ പി. സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പരിശോധിച്ചു. ഇതില്‍ വ്യാജ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച 260 പൊതികള്‍ പരിശോധിച്ചതില്‍ ഒന്‍പത് കവറുകളിലേത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയിരുന്നു.
നാലുതവണ വിഷ്ണുവിന്റെപേരിലാണ് മുക്കുപണ്ടം പണയപ്പെടുത്തിയത്. പിന്നീട് സന്തോഷ് കുമാറിന്റെയും ഭാര്യ ഷൈനിയുടെയും പേരില്‍ പണയപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ ഒരുതവണയാണ് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പേരില്‍ മുക്കുപണ്ടം പണയപ്പെടുത്തിയത്.
[bot1]