ഇരിങ്ങലില്‍ തൊണ്ടയില്‍ സ്പൂണ്‍ കുടുങ്ങി ശ്വാസംകിട്ടാതെ വലഞ്ഞ ഒന്‍പതുവയസുകാരന് രക്ഷകയായി നഴ്‌സ്


 

പയ്യോളി: ഇരിങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ അവസരോചിത ഇടപെടലില്‍ ഒമ്പതുവയസുകാരന്റെ ജീവന്‍ രക്ഷിക്കാനായി. തൊണ്ടയില്‍ സ്പൂണ്‍ കുടുങ്ങി ശ്വാസം കിട്ടാതെ ഒമ്പതുകാരന്‍ വീര്‍ സിംഗിനാണ് നഴ്‌സായ കെ.എം.ഹര്‍ഷിനയുടെ ഇടപെടല്‍ രക്ഷയായത്.
[ad1]
[ad2]

ഇരിങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോട്ടീസ് വിതരണത്തിനും ഗൃഹസന്ദര്‍ശന പരിപാടികള്‍ക്കും എത്തിയതായിരുന്നു ഹര്‍ഷിന. ഇതിനിടയിലാണ് തൊട്ടടുത്തുള്ള വാടകവീട്ടില്‍ നിന്നും നിലവിളി കേട്ടത്.

കളിക്കുന്നതിനിടെ വീര്‍ സിംഗിന്റെ തൊണ്ടയില്‍ സ്്പൂണ്‍ കുടുങ്ങിയതായിരുന്നു നിലവിളിക്ക് കാരണമെന്ന് മനസിലായി. ഏറെ പണിപ്പെട്ട് ഹര്‍ഷിന കുട്ടിയുടെ തൊണ്ടയില്‍ നിന്നും സ്പൂണ്‍ പുറത്തെടുക്കുകയായിരുന്നു. വീര്‍ സിംഗിന്റെ വായയിലോ തൊണ്ടയിലോ ഒരു പോറല്‍ പോലും ഏല്‍ക്കാതെയാണ് സ്പൂണ്‍ പുറപ്പെടുത്തിയത്.

ഇതര സംസ്ഥാന തൊഴിലാളിയായ രാജാസിംഗ്-യശോദ ദമ്പതിമാരുടെ മകനാണ് വീര്‍ സിംഗ്.