അമ്മയെയും മുത്തശ്ശിയെയും സഹോദരിയുടെ കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണി; എലത്തൂരില്‍ ലഹരിയ്ക്ക് അടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ച് അമ്മ
എലത്തൂര്‍: എലത്തൂരില്‍ ലഹരിക്ക് അടിമയായ മകനെ അമ്മ പൊലീസില്‍ ഏല്‍പ്പിച്ചു. എലത്തൂര്‍ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകന്‍, അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അമ്മ പൊലീസിനെ വിവരമറിയിച്ചത്.
വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉള്‍പ്പെടെ കൊന്ന് ജയിലില്‍ പോകുമെന്നായിരുന്നു മകന്റെ ഭീഷണി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു കൊലവിളിയും ആത്മഹത്യ ഭീഷണിയും. ഇന്ന് പൊലീസ് എത്തിയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് എത്തിയപ്പോഴും രാഹുല്‍ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. ലഹരി, പോക്‌സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിന്റെ അകത്തുപോലും മകന്‍ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ പറയുന്നു. പലതവണ അക്രമാസക്തന്‍ ആയിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്ന് അവര്‍ പറഞ്ഞു.
Summary: Threatened to kill mother, grandmother, and sister’s child; Mother hands over drug-addicted son to police in Elathur