‘ലഹരിയില്‍ മുങ്ങിത്താഴുന്ന ദുരന്ത നാളുകളില്‍ ഗുരുവിനെ മാതൃകയാക്കാന്‍ എല്ലാവര്‍ക്കും കഴിയണം’; ഗുരു ചേമഞ്ചേരിയുടെ നാലാം ചരമവാര്‍ഷിക ദിനാചരണത്തില്‍ ഷാഫി പറമ്പില്‍ എം.പി


ചേമഞ്ചേരി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ നാലാം ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
ചേലിയ കഥകളി വിദ്യാലയത്തില്‍ നടന്ന ചടങ്ങ് എം.പി ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് അനുസ്മരണ പരിപാടികള്‍ ആരംഭിച്ചത്.

ഗുരു ചേമഞ്ചേരി അവസാനിപ്പിച്ച രംഗപാഠങ്ങള്‍ തുടര്‍ന്നു കൊണ്ടു പോവുക എന്നത് നാം ഓരോരുത്തരുടെയും ബാധ്യതയാണ്. ഗുരു തുറന്നിട്ട കലാ പ്രവര്‍ത്തന ലഹരി ജീവിത ലഹരിയായി നാം ഏറെറടുക്കേണ്ടതുണ്ട്. സമൂഹത്തില്‍ അനുദിനം പെരുകി വരുന്ന രാസ ലഹരീ ദുരന്തങ്ങളെ തടയിടാന്‍ ക്രിയാത്മകമായ പോംവഴി ഇതു മാത്രമാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.

ചടങ്ങില്‍ എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് മുഖ്യ ഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍, ഗുരുപൂജാ പുരസ്‌കാര ജേതാവ് ശിവദാസ് ചേമഞ്ചേരി, കലാമണ്ഡലം പ്രശോഭ്, സുനില്‍ തിരുവങ്ങൂര്‍, കഥകളി വിദ്യാലയം പ്രിന്‍സിപ്പാള്‍ കലാമണ്ഡലം പ്രേംകുമാര്‍, കലാമണ്ഡലം ശിവദാസ് ,പ്രസിഡണ്ട് ഡോക്ടര്‍ എന്‍.വി. സദാനന്ദന്‍, സെക്രട്ടറി സന്തോഷ് സദ്ഗമയ, വൈസ് പ്രസിഡണ്ട് വിജയ രാഘവന്‍ ചേലിയ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് കഥകളി വിദ്യാലയം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വര്‍ണ്ണാര്‍ച്ചന, ഗാനാര്‍ച്ചന, നൃത്താര്‍ച്ചന, വാദ്യാര്‍ച്ചന,ചൊല്ലിയാട്ടം എന്നീ പരിപാടികള്‍ അരങ്ങേറി.