കുളം വൃത്തിയാക്കുന്നതിനിടെ മീന്‍കൊത്തി, വിരലില്‍ അണുബാധ; തലശ്ശേരി സ്വദേശിയായ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
തലശ്ശേരി: തലശ്ശേരിയില്‍ കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തിയുണ്ടായ അണുബാധയെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. തലശ്ശേരി സ്വദേശിയായ ക്ഷീര കര്‍ഷകനായ രജീഷിനാണ് അപൂര്‍വ്വമായ അണുബാധയെ തുടര്‍ന്ന് കൈപ്പത്തി നഷ്ടമായത്. കോശങ്ങളെ കാര്‍ന്നുതിന്നുന്ന അപൂര്‍വ ബാക്ടീരിയ ശരീരത്തിലെത്തിയതാണ് അണുബാധയ്ക്ക് ഇടയാക്കിയത്.
വീടിനോട് ചേര്‍ന്ന് പച്ചക്കറി കൃഷി ചെയ്യുന്ന സ്ഥലത്തെ ചെറിയ കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ മീന്‍ കൊത്തിയതും അണുബാധയുണ്ടായതും. ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം. കടു എന്ന മീനാണ് കുത്തിയതെന്ന് രജീഷ് പറയുന്നു. വിരല്‍ത്തുമ്പില്‍ ചെറിയ മുറിവായിരുന്നു ഉണ്ടായിരുന്നത്.
കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവെപ്പുമെടുത്തു. ആദ്യം കൈ കടച്ചില്‍ പോലെയാണ് അനുഭവപ്പെട്ടത്. പിന്നീട് കൈ മടങ്ങാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മാഹിയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി. അവിടെയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥ വ്യക്തമായത്.
ഗ്യാസ് ഗാന്‍ഗ്രീന്‍ എന്ന ബാക്ടീരിയല്‍ അണുബാധയാണ് ബാധിച്ചത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണുന്നതാണ് ഈ അണുബാധ. മീന്‍ കൊത്തിയുണ്ടായ മുറിവിലൂടെ ബാക്ടീരിയ അകത്തുകയറിയതാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കര്‍ഷകനായ രജീഷിന് കൈപ്പത്തി നഷ്ടമായതോടെ ജീവിതവും പ്രതിസന്ധിയിലായി. ഗാസ് ഗ്യാന്‍ഗ്രീന്‍ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയില്‍ ചെളിവെള്ളത്തില്‍ കാണമെന്നതിനാല്‍, കരുതണമെന്നും നിര്‍ദേശമുണ്ട്.
Summary: A young man from Thalassery had his palm amputated after getting bitten by a fish while cleaning a pond and developing an infection in his finger